ആഗ്രയിൽ വിവാഹ ഘോഷയാത്രയ്ക്കു നേരെ സവർണവിഭാഗക്കാരുടെ ആക്രമണം

ആഗ്ര: ആഗ്രയിലെ നാഗ്ല തൽഫിയിൽ വിവാഹ ഘോഷയാത്രയ്ക്കിടെ സവർണവിഭാഗക്കാർ ദളിത് വരനെ ആക്രമിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ വിവാഹസംഘത്തിലെ നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
നാഗ്ല തൽഫി നിവാസിയായ അനിത നൽകിയ പരാതി പ്രകാരം, ബുധനാഴ്ച വൈകുന്നേരം മകളുടെ വിവാഹ ഘോഷയാത്ര മഥുരയിൽ നിന്ന് എത്തിയപ്പോഴാണ് സംഭവം നടന്നത്. ഗ്രാമത്തിൽ നിന്ന് അൽപ്പം അകലെയുള്ള ഒരു വിവാഹ വീട്ടിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.
ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര റോഡിലൂടെ നീങ്ങിയപ്പോൾ, സവർണ വിഭാഗക്കാരായ ഒരു കൂട്ടം ആളുകൾ വടികളുമായി എത്തി വരനെയും ഒപ്പമുള്ളവരെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണം കാരണം വിവാഹചടങ്ങുകൾ മുടജ്ങിയതായും പരാതിയിൽ സൂചിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിലാണെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ പി കെ റായ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.








0 comments