ad
Deshabhimani

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 31 ശതമാനവും ദിവസവേതനക്കാർ; പതിറ്റാണ്ടിനിടയിലെ ഉയർന്നനിരക്ക്

Depression Suicide

Representative Image | AI

വെബ് ഡെസ്ക്

Published on May 11, 2026, 04:02 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിൽ ആത്മഹത്യ ചെയ്യപ്പെടുന്നവരിൽ 31 ശതമാനം പേരും ദിവസവേതനക്കാരെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി)യുടെ കണക്കുകൾ. 2024ലെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2015 മുതൽ 2024വരെയുള്ള ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.


ഈ വർഷം ആകെ 52,910 പ്രതിദിന വേതനക്കാരാണ് ആത്മഹത്യ ചെയ്തത്. 2022ൽ രേഖപ്പെടുത്തിയ 26.4 ശതമാനം എന്ന ഉയർന്ന നിരക്കിനേക്കാൾ വലിയ വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.


ഇന്ത്യയിലെ ആകെ തൊഴിലാളികളിൽ അഞ്ചിലൊന്ന് ഭാഗവും പ്രതിദിന വേതനക്കാരാണ്. 2015ൽ രാജ്യത്തെ ആകെ ആത്മഹത്യകൾ 1.34 ലക്ഷമായിരുന്നത് 2024ൽ 1.7 ലക്ഷമായി ഉയർന്നു.


ദിവസവേതനക്കാർ, വീട്ടമ്മമാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, ശമ്പളക്കാർ/പ്രൊഫഷണലുകൾ, തൊഴിൽരഹിതർ എന്നിങ്ങനെ തരംതിരിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2024ൽ ആത്മഹത്യ ചെയ്തവരിൽ 13 ശതമാനവും വീട്ടമ്മമാരാണ്, സ്വയം തൊഴിൽ ചെയ്യുന്നവരിൽ 10.5 ശതമാനവും, ശമ്പളക്കാർ /പ്രൊഫഷണലുകൾ 9.9 ശതമാനവും തൊഴിൽ രഹിതർ 8.7 ശതമാനവുമാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വീട്ടമ്മമാരുടെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും ആത്മഹത്യാനിരക്കിൽ കുറവുണ്ടായിട്ടുണ്ട്.


2024ലെ റിപ്പോർട്ട് പ്രകാരം, പ്രതിദിന വേതനക്കാരുടെ ആത്മഹത്യയിൽ തമിഴ്‌നാടാണ് ഏറ്റവും മുന്നിൽ (10,556). രാജ്യത്തെ ആകെ ഇത്തരം മരണങ്ങളുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും തമിഴ്‌നാട്ടിലാണ്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (6,811), തെലങ്കാന (5,745), മധ്യപ്രദേശ് (5,299), ഛത്തീസ്ഗഡ് (3,413) എന്നീ സംസ്ഥാനങ്ങളാണുള്ളത്.


കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലാണ് (343) ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


2024ൽ ആത്മഹത്യ ചെയ്തവരിൽ 62.9 ശതമാനം പേർക്കും (ഏകദേശം 1.1 ലക്ഷം പേർ) പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ മാത്രമായിരുന്നു വരുമാനമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആത്മഹത്യയുടെ കാരണങ്ങളിൽ "കുടുംബ പ്രശ്നങ്ങൾ" (35%) ആണ് പ്രധാന കാരണം. "രോഗങ്ങൾ" (17.9%) ആണ് തൊട്ടുപിന്നാലെയുള്ള കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home