മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണം: ഓപ്ഇന്ത്യയ്ക്കെതിരെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്

ന്യൂഡൽഹി: തീവ്ര വലതുപക്ഷ വെബ്‌സൈറ്റായ ഓപ്ഇന്ത്യയ്ക്കെതിരെ (OpIndia) ഗുരുതര ആരോപണങ്ങളുമായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്). സ്വതന്ത്ര മാധ്യമപ്രവർത്തകർക്കെതിരെ ആസൂത്രിതമായ സൈബർ ആക്രമണങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും വെബ്സൈറ്റ് നേതൃത്വം നൽകുന്നുവെന്നാണ് ആർഎസ്എഫ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര മാധ്യമ നിരീക്ഷണ സംഘടനയാണ് ആർഎസ്എഫ്. വിവര സ്വാതന്ത്ര്യ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയാണ് എല്ലാ വർഷവും ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരക്കുന്നത്.
2023 ഒക്ടോബർ മുതൽ 2025 സെപ്തംബർ വരെയുള്ള കാലയളവിൽ മാധ്യമപ്രവർത്തകരെ വ്യക്തിപരമായി ലക്ഷ്യമിട്ട് 314 ലേഖനങ്ങളാണ് ഓപ്ഇന്ത്യ പ്രസിദ്ധീകരിച്ചത്. ഇതിൽ 208 ലേഖനങ്ങളിൽ 134 മാധ്യമപ്രവർത്തകരുടെ പേരുകൾ എടുത്തുപറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട്. 2025ൽ മാത്രം 91 ലേഖനങ്ങൾ മാധ്യമ പ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചുള്ളതായിരുന്നു. അതിൽ 43 എണ്ണം അഞ്ച് മാധ്യമ പ്രവർത്തകരെ മാത്രം ലക്ഷ്യമിട്ടുള്ളവയായിരുന്നെന്നുമാണ് ആർഎസ്എഫിന്റെ റിപ്പോർട്ട്.
ഓപ്ഇന്ത്യയിൽ ഒരു ലേഖനം വന്നാലുടൻ തന്നെ ബന്ധപ്പെട്ട മാധ്യമപ്രവർത്തകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ അധിക്ഷേപങ്ങളും ഭീഷണികളും ഉയരുന്നതായാണ് ആർഎസ്എഫിന്റെ നിരീക്ഷണം. പഠനവിധേയമാക്കിയ 43 ലേഖനങ്ങളിൽ 32 എണ്ണത്തിനു പിന്നാലെയും ഇത്തരത്തിൽ അതിരൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടായി.
ഇന്ത്യാ ടുഡേയുടെ കൺസൾട്ടന്റ് എഡിറ്ററും അവതാരകനുമായ രാജ്ദീപ് സർദേശായ് (36 ലേഖനങ്ങൾ), ദി വയറിന്റെ റിപ്പോർട്ടറായ അർഫ ഖാനം ഷെർവാണി (18), ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ (15), ഹിന്ദുവിലെ മഹേഷ് ലങ്ക (13), സ്വതന്ത്ര പത്രപ്രവർത്തകനായ രവീഷ് കുമാർ (11), വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റ് റാണ ആയൂബ് (10), ന്യൂസ്ക്ലിക്കിന്റെ ചീഫ് എഡിറ്റർ പ്രബീർ പുർകായസ്ത എന്നിവർക്ക് നേരെയാണ് പ്രധാനമായും സൈബർ ആക്രമണങ്ങളുണ്ടായത്. ധന്യ രാജേന്ദ്രൻ (ദ ന്യൂസ് മിനിറ്റ് എഡിറ്റർ), ഹന്ന എലിസ് പീറ്റേഴ്സൺ (ദി ഗാർഡിയൻ) തുടങ്ങിയവരും അധിക്ഷേപങ്ങൾക്ക് ഇരയായി. മാധ്യമപ്രവർത്തകരെ "ദേശവിരുദ്ധർ", "നുണയന്മാർ", 'പ്രസ്റ്റിറ്റ്യൂട്ട്' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് സൈറ്റിൽ അധിക്ഷേപിച്ചത്.
വിദ്വേഷം പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന് ഗൂഗിൾ ആഡ്‌സെൻസിന്റെ നിബന്ധനയുണ്ട്. എന്നാൽ ഇത് നിലനിൽക്കെ തന്നെ ഓപ്ഇന്ത്യയ്ക്ക് ഗൂഗിൾ വഴി പരസ്യവരുമാനം ലഭിക്കുന്നത് തുടരുന്നു എന്നും ആർഎസ്എഫ് വിമർശിക്കുന്നു. 2020-ൽ 'സ്റ്റോപ്പ് ഫണ്ടിംഗ് ഹേറ്റ്' പ്രചരണത്തെത്തുടർന്ന് ചില പരസ്യദാതാക്കൾ പിന്മാറിയെങ്കിലും ഗൂഗിൾ ഇപ്പോഴും സൈറ്റിനെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നാെണ് റിപ്പോർട്ട്.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന് ഓപ്ഇന്ത്യ വലിയ ഭീഷണിയാണെന്ന് ആർഎസ്എഫ് എഡിറ്റോറിയൽ ഡയറക്ടർ ആൻ ബൊക്കാൻഡെ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അന്വേഷണം നടത്തണമെന്നും, എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇത്തരം വിദ്വേഷ പ്രചരണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സൈബർ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഇന്ത്യൻ പബ്ലിക് പ്രോസിക്യൂട്ടറോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്ഇന്ത്യയെ 2025-ലെ ലോക മാധ്യമസ്വാതന്ത്ര്യ വിരുദ്ധരുടെ പട്ടികയിലാണ് ആർഎസ്എഫ് ഉൾപ്പെടുത്തിയിരിക്കുന്നത്.










0 comments