ഖമനേയിയുടെ മരണത്തിൽ പ്രതിഷേധം; കശ്മീരിൽ നിയന്ത്രണങ്ങൾ തുടരുന്നു

ശ്രീനഗർ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ മരണത്തിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നു. ഇസ്രയേൽ- യുഎസ് സഖ്യം ഖമനേയിയെ കൊലപ്പെടുത്തിയതിനു പിന്നാലെ കശ്മീരിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയതോടെ താഴ്വരയിൽ കർഫ്യൂ അടക്കമുള്ള നിരോധനങ്ങൾ ഏർപ്പെടുത്തി. തുടർച്ചയായ അഞ്ചാം ദിവസവും ഇവിടെ നിയന്ത്രണങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച മുതലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബുധനാഴ്ച സിവിൽ സൊസൈറ്റി പ്രതിനിധികളുമായും മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. പ്രതിഷേധത്തെത്തുടർന്ന് ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തി. കശ്മീരിൽ പലയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് നിയന്ത്രണമുണ്ട്. ഒത്തുചേരൽ തടയാൻ നഗരത്തിലുടനീളം പൊലീസിനെയും സിആർപിഎഫ് അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലേക്ക് നയിക്കുന്ന പ്രധാന കവലകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
നഗരമധ്യമായ ലാൽ ചൗക്കിലേക്ക് ഞായറാഴ്ചയാണ് ഖമനേയിയുടെ മരണത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ മാർച്ച് നടത്തിയത്. ഇവരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പിന്നാലെ ലാൽ ചൗക്ക് നഗരമധ്യത്തിലുള്ള ഘണ്ടാ ഘർ നിരോധിത മേഖലയായി പ്രഖ്യാപിച്ചു.










0 comments