ഫാമുകളിൽ വില്ലനായി അജ്ഞാത രോഗം; കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ദുരിതത്തിൽ കർഷകർ

പ്രതീകാത്മക ചിത്രം
ചെന്നൈ: അജ്ഞാത രോഗം പടർന്നുപിടിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രോഗബാധ വ്യാപിച്ചതോടെ കോഴികളെ കൂട്ടത്തോടെ കൊല്ലുകയും ചത്ത കോഴികളെ കുഴിച്ചുമൂടുകയും ചെയ്യുകയാണ്. ഇതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കഴിഞ്ഞ ആറുദിവസത്തിനിടെ കടലൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി ഏകദേശം 50,000ൽപരം കോഴികൾ ചത്തതായി ഫാമുടമകള്‍ പറയുന്നു. ദീപാവലി വിപണി ലക്ഷ്യമിട്ട് കോഴിവളർത്തലിൽ കൂടുതൽ നിക്ഷേപം നടത്തിയ കർഷകർ ഇതോടെ വലിയ പ്രതിസന്ധിയിലായി.
ഒരു കോഴിക്കുഞ്ഞിന് 48 രൂപ നൽകണം. 50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 2,500 മുതൽ 2,600 രൂപ വരെയാണ് ചെലവ്. 50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 2,500 മുതൽ 2,600 രൂപ വരെയാണ് ചെലവ്. വൈദ്യുതി ബില്ലിനുമാത്രം 10,000 മുതൽ 20,000 രൂപ വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 7,000 കോഴികളാണ് നഷ്ടപ്പെട്ടത്. 40 മുതൽ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ചിട്ട് നിസഹായരായി നിൽക്കേണ്ട അവസ്ഥയാണ്. ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലെന്നും കടലൂർ സ്വദേശിയായ കർഷകൻ മോഹൻ പറയുന്നു.
കോഴികൾ ചത്തുകിടക്കുന്നതിലും ചില പ്രത്യേകതകളുണ്ടെന്നും കർഷകർ പറയുന്നു. കാലുകൾ പിന്നിലേക്ക് നീട്ടിയും ചിറകുകൾ പൂർണമായി വിടർത്തിയ നിലയിലുമാണ് കോഴികള്‍ ചാവുന്നത്. രോഗകാരണം ഇതുവരെ തിരിച്ചറിയാനാകാത്തതും കർഷകർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചു. ശേഷിക്കുന്ന കോഴികളെ സംരക്ഷിക്കാനും ഫാമുകളുടെ പ്രവർത്തനം നിലനിർത്താനും അടിയന്തര നടപടികൾ വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കോഴികൾ കൂട്ടത്തോടെ ചാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ഭോപാലിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം പുറത്തുവന്നാൽ രോഗകാരണം കണ്ടെത്തി വ്യാപനം തടയാനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.









0 comments