മദീന ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ; തടഞ്ഞ് സൗദി വ്യോമപ്രതിരോധ സേന

റിയാദ് : സൗദിക്കെതിരെ ആക്രമണം തുടർന്ന് ഹൂതി വിമതർ. മദീന ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തതായി അറിയിച്ചു. മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തകർത്തതായി സൗദി സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലികി അറിയിച്ചു.
എന്നാൽ, മദീനയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികൾ നിഷേധിച്ചു. സൈനിക നടപടികൾ എണ്ണ കേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെ മാത്രമാണെന്നും മദീനയെ ലക്ഷ്യമിട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ പറഞ്ഞു. മിസൈൽ എവിടെയാണ് പതിക്കാനിരുന്നതെന്ന കാര്യത്തിൽ സൗദി അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സൗദിയിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബുവിൽ അപകടസാധ്യതയുണ്ടെന്ന് നേരത്തെ സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചെങ്കിലും ജാഗ്രത തുടരുകയാണ്. സൗദിയുടെ എണ്ണ കയറ്റുമതിയിൽ നിർണായക പങ്കുവഹിക്കുന്ന തുറമുഖമാണ് ചെങ്കടൽ തീരത്തുള്ള യാൻബു.
ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് കിഴക്ക്–പടിഞ്ഞാറൻ പൈപ്പ്‌ലൈൻ വഴി എത്തുന്ന ക്രൂഡ് ഓയിൽ ഇവിടെനിന്നാണ് കപ്പലുകളിലേക്ക് കയറ്റുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെയും ഹോർമുസ് അടച്ചതിനാലും ഈ പാതയ്ക്ക് തന്ത്രപ്രധാനമായി മാറിയിട്ടുണ്ട്.
സൗദിയിലെ വിമാനത്താവളങ്ങൾ, ഊർജകേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണങ്ങൾ നടത്തുന്നത്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസവും ആക്രമണം നടത്തിയെന്ന് ഹൂതികൾ അവകാശപ്പെട്ടിട്ടുണ്ട്.
യാൻബുവിനു പുറമെ യെമൻ അതിർത്തിയോട് ചേർന്ന തെക്കുകിഴക്കൻ മേഖലയായ ഷറൂറയിലും സൗദി അധികൃതർ അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ സർക്കാർ സേന കഴിഞ്ഞ 24 മണിക്കൂറിനിടെ 1,298 ആക്രമണങ്ങൾ നടത്തി. മുന്നൂറിലേറെ ഹൂതി പോരാളികളെ വധിച്ചെന്നും സൈനിക വക്താവ് അവകാശപ്പെട്ടു. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല.








0 comments