അടിയന്തരയോഗം ചേർന്ന് പെട്രോളിയം മന്ത്രാലയം , വിമാന ഇന്ധന ശേഖരത്തിന്റെ കണക്കെടുക്കുന്നു ,എൽപിജി വിതരണത്തില്‍ നിയന്ത്രണം വന്നേക്കാം
print edition കരുതൽ എണ്ണശേഖരം 25 ദിവസത്തേക്കുമാത്രം ; വ്യവസായ മേഖലയ്ക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ചു

റിതിൻ പൗലോസ്
Published on Mar 04, 2026, 03:34 AM | 1 min read
ന്യൂഡൽഹി
പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായി തുടരവെ രാജ്യത്തെ ഇന്ധന ലഭ്യത പ്രതിസന്ധിയിലേക്ക്. 25 ദിവസത്തേക്കുള്ള കരുതൽ എണ്ണശേഖരം മാത്രമാണുള്ളതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 25 ദിവസത്തേക്കുള്ള പെട്രോള്‍, ഡീസൽ ശേഖരവും 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലിന്റെ കരുതൽ ശേഖരവുമുണ്ട്. അന്താരാഷ്‌ട്ര ഉൗർജ ഏജൻസി നിർദേശിക്കുന്നത് രാജ്യങ്ങൾക്ക് 90 ദിവസത്തേക്കുള്ള കരുതൽ ശേഖരം വേണമെന്നാണ്. ഇതിന്റെ മൂന്നിലൊന്നാണ് ഇന്ത്യയുടെ കരുതൽ ശേഖരം.
യുദ്ധം എത്രനാൾ തുടരുമെന്നതിന് ആശ്രയിച്ചാവും എണ്ണനീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസിലെ ഗതാഗതം സുഗമമാകുന്നത്. 60 ശതമാനം പെട്രോളിയം ഉൽപ്പന്നങ്ങളും 85 ശതമാനം പ്രകൃതിവാതകവും ഇന്ത്യയിലേക്ക് എത്തുന്നത് ഹോര്‍മൂസ് വഴിയാണ്. എന്നാൽ, ആവശ്യത്തിന് എണ്ണ കരുതൽ ശേഖരമുണ്ടെന്നും സ്‌റ്റോക്ക് നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നെന്നും കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിങ് പുരി അവകാശപ്പെട്ടു. 74 ദിവസത്തെ കരുതൽ ശേഖരം ഉണ്ടെന്നായിരുന്നു പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ മന്ത്രി അവകാശപ്പെട്ടത്.
ഖത്തർ എൽഎൻജി ഉൽപ്പാദനം നിർത്തിയത് ഇന്ത്യയുടെ വ്യവസായിക മേഖലയ്‌ക്ക് വെല്ലുവിളിയാണ്. വ്യവസായമേഖലയ്‌ക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറയ്‌ക്കുകയാണെന്ന് പ്രധാന ഇറക്കുമതിക്കാരായ പൊട്രോനെറ്റ് കന്പനി അറിയിച്ചു. രാജ്യത്തെ വിതരണക്കാരായ ഗെയിൽ, ഇന്ത്യൻ ഓയിൽ അടക്കമുള്ളവർക്കാണ് അറിയിപ്പ് നൽകിയത്. 30 ശതമാനംവരെ ഒറ്റയടിക്ക് വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്. വിമാന ഇന്ധന സ്‌റ്റോക്ക് വിവരങ്ങൾ അറിയിക്കാൻ വിമാനത്താവളങ്ങൾക്ക് എയർപോർട്ട് അതോറിറ്റി നിർദേശം നൽകി. സ്‌റ്റോക്ക് വിവരങ്ങളും, ഉപയോഗവും ആവശ്യമായി വരുന്ന അളവും അറിയിക്കാനാണ് 33 അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്ക് നിർദേശം നൽകിയത്. അതേസമയം, എൽപിജി വിതരണത്തിലും നിയന്ത്രണം വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ആവശ്യമുള്ള എൽപിജിയുടെ തൊണ്ണൂറുശതമാനവും ഇന്ത്യ ഗൾഫ് രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യൻ ഓയിൽ, എച്ച്‌പിസിഎൽ, ബിപിസിഎൽ കന്പനികൾ തെരഞ്ഞെടുക്കപ്പെട്ട റിഫൈറനികളിൽ പാചകവാതക സിലിണ്ടറുകളുടെ ഉൽപ്പാദനംകൂട്ടി.
കയറ്റുമതി നിയന്ത്രിക്കും
പ്രതിസന്ധി നേരിടുന്നതിനായി കയറ്റുമതി നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നുണ്ട്. ശുദ്ധീകരിച്ച എണ്ണയും, പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ പരിധി നിശ്ചയിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.










0 comments