print edition ഉൗർജപ്രതിസന്ധി രൂക്ഷമായേക്കും, ആശങ്ക

ന്യൂഡൽഹി: ചെറിയ ഇടവേളയ്‌ക്കുശേഷം പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ രൂക്ഷമായതോടെ രാജ്യത്ത് വീണ്ടും ഉൗർജപ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി വിതരണം വീണ്ടും തടസ്സപ്പെട്ടാൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകും. ഇന്ത്യയുടെ ഒന്പത് ടാങ്കറുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണ്. ക്രൂഡ്‌ഓയിലും എൽപിജിയും വഹിക്കുന്ന ഇൗ ടാങ്കറുകളിൽ 200ഓളം നാവികരുണ്ട്. സുരക്ഷിത പാത ഒരുക്കാനായി ഇന്ത്യ ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഒമാൻ സമുദ്രമേഖലയിലൂടെ സഞ്ചരിക്കാതെ ഇറാൻ നിശ്ചയിച്ച പാത ഉപയോഗിക്കണമെന്ന് നിർദേശിച്ച് ചില കപ്പലുകളെ വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.
മോദിയുടെ നയതന്ത്ര മികവിനാൽ പശ്‌ചിമേഷ്യൻ സംഘർഷവേളയിലെ ഉൗർജപ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴാണ് വീണ്ടും പ്രതിസന്ധി. അമേരിക്കയോടും ഇസ്രയേലിനോടും പൂർണവിധേയത്വം പുലർത്തുന്ന മോദിസർക്കാരിനോട് ഇറാന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് നയതന്ത്രവൃത്തങ്ങൾ വിലയിരുത്തുന്നത്. ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ ക്ഷണിച്ചിരുന്നു.
എന്നാൽ കേന്ദ്ര സഹമന്ത്രിയെയും ബിഹാർ ഗവർണറേയും അയക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചെറിയ അപ്രീതി പോലും ഉണ്ടാകാതിരിക്കാനായിരുന്നു ഇൗ നീക്കം. അമേരിക്കയുടെ കടുംപിടുത്തത്തിൽ പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായിട്ടും ട്രംപിനെ വിമർശിക്കാൻ കേന്ദ്രസർക്കാർ തുനിഞ്ഞിട്ടില്ല.
ഖത്തറിലും ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം
അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളില്‍ ശക്തമായ പ്രത്യാക്രമണം തുടര്‍ന്ന് ഇറാന്‍. യുഎസ് ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിക്കുമെന്നും ഹോർമുസ് അടയ്‌ക്കുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
കുവൈത്തിനുനേരെ ഇറാൻ ആക്രമണമുണ്ടായതായും ക്രൂയിസ് മിസൈലും മൂന്ന് ബാലിസ്‌റ്റിക്ക് മിസൈലുകളും പ്രതിരോധിച്ചതായും വിദേശമന്ത്രാലയം അറിയിച്ചു. ഇറാൻ വ്യോമാക്രമണം പ്രതിരോധിച്ചതായി ബഹ്‌റൈനും അറിയിച്ചു. ഖത്തറിലും ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം നടത്തിയതായി ഇറാൻ സ്ഥീരീകരിച്ചിരുന്നു. കുവൈത്തിലെ യുഎസ് പേട്രിയറ്റ് പ്രതിരോധ സംവിധാനങ്ങൾ, ഖത്തറിലെ സാറ്റലൈറ്റ് മുന്നറിയിപ്പ് കേന്ദ്രം, ബഹ്‌റൈനിലെ യുഎസ് സൈന്യത്തിന്റെ ഇന്ധന സംഭരണകേന്ദ്രം എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അറിയിച്ചു. എന്നാൽ, ജോർദാനിലും വ്യോമാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മിസൈൽ അവശിഷ്‌ടങ്ങൾ പതിച്ച് കുവൈത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഖത്തറും, യുഎഇയും ആക്രമണങ്ങളെ അപലപിച്ചു. ആക്രമണങ്ങൾ നിർത്തി യുഎസും ഇറാനും സമാധാനത്തിലെത്തണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ജാസിം അൽതാനി ആവശ്യപ്പെട്ടു. അതിനിടെ, യുദ്ധം അവസാനിച്ചിട്ടില്ലെന്നും പുതിയ വെല്ലുവിളികൾ ഉയരുന്നുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു.
ആഗോളവിപണിയിൽ എണ്ണവില ഉയർന്നു. വ്യാഴാഴ്‌ച ബ്രെന്റ് ക്രൂഡ് 5.2 ശതമാനം വർധിച്ച് ബാരലിന് 78.3 ഡോളറായി. ബ്രെന്റ് ക്രൂഡ് വില രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്.










0 comments