അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു; ബ്രെന്റ് ക്രൂഡ് വില 90 ഡോളർ കടന്നു, ആശങ്കയിൽ ലോകരാജ്യങ്ങൾ

പ്രതീകാത്മക ചിത്രം
ലണ്ടൻ : യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുത്ത യുദ്ധത്തിലേക്ക് നീങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച എണ്ണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ജൂൺ പകുതിക്ക് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്‌കൃത എണ്ണയുടെ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് വിലവർധനവിന് കാരണമായത്.
ബ്രെന്റ് ക്രൂഡ് വില 2.7 ശതമാനം ഉയർന്ന് ബാരലിന് 90.50 ഡോളറിലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ഇത് 4 ശതമാനം വരെ ഉയർന്നിരുന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഓഗസ്റ്റ് ഡെലിവറി വില 2.4 ശതമാനം വർധിച്ച് 84.49 ഡോളറിലെത്തി. വാരാന്ത്യത്തിൽ യുഎസും ഇറാനും തമ്മിൽ നടന്ന ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നതായി ടെഹ്റാൻ പ്രഖ്യാപിച്ചതോടെ എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ഭീതി ശക്തമായി.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ തുടർച്ചയായ ഒൻപതാം രാത്രിയും ശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതിനിടെ, തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോണുകൾ തകർത്തതായി കുവൈറ്റും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സുരക്ഷയും കടുത്ത പ്രതിസന്ധിയിലാണ്.
മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച നാല് അജ്ഞാത കപ്പലുകൾ തടഞ്ഞതായി ഇറാന്റെ നാവികസേന അറിയിച്ചു. ഇതിൽ രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ട് നിർത്തിയിട്ടിരിക്കുകയാണെന്നും ബാക്കി കപ്പലുകൾ തിരിച്ചയച്ചതായും ഇറാൻ വ്യക്തമാക്കി. ഒമാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഒരു കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈനിക താവളങ്ങൾക്ക് പുറമെ പാലങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവ ലക്ഷ്യമിട്ടും ആക്രമണം വ്യാപിക്കുകയാണ്. ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ ഒരു എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സ്ഥിരീകരിച്ചു.










0 comments