print edition ഹരിയാനയിൽ ബിജെപിക്ക് വോട്ടുചെയ്‌ത 4 കോൺഗ്രസ് എംഎൽഎമാരെ ‘കണ്ടെത്തി’


സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:22 AM | 1 min read
ന്യൂഡൽഹി: ഹരിയാനയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്‌ത അഞ്ച് എംഎൽഎമാരിൽ നാലുപേരെ കോൺഗ്രസ് കണ്ടെത്തി. അഞ്ചാമനായി ‘അന്വേഷണം’ തുടരുകയാണ്. ഷാലി ചൗധരി, രേണു ബാല, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രയീൽ എന്നിവരാണ് കൂറുമാറി വോട്ടുചെയ്‌തതെന്ന് നേതൃത്വം അറിയിച്ചു.
ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി കെ ഹരിപ്രസാദാണ് പേരുകൾ വെളിപ്പെടുത്തിയത്. നാലുപേർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും പറഞ്ഞു. ബിജെപി സ്ഥാനാർഥി ജയിക്കുന്നതിനായി നാല് കോൺഗ്രസ് എംഎൽഎമാർ വോട്ട് ബോധപൂർവ്വം അസാധുവാക്കിയിരുന്നു. ഇവർക്കെതിരെയും അച്ചടക്കനടപടിയിലേക്ക് നീങ്ങുമോയെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല.
ഹരിയാനയിൽ രണ്ട് രാജ്യസഭാ സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 31 വോട്ടായിരുന്നു ജയിക്കാൻ ആവശ്യം. 37 വോട്ടുള്ള കോൺഗ്രസ് ഒരു സീറ്റ് അനായാസം ഉറപ്പിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പ് ദിവസം ഒമ്പത് വോട്ടുകൾ നഷ്ടമായി. കോൺഗ്രസ് സ്ഥാനാർഥി കരംവീർ സിങ് ബൗദ്ധിന്റെ വോട്ടുനില 28ലേക്ക് താഴ്‌ന്നു. ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർഥിയായ സതീഷ് നന്ദാൽ 27ലേക്ക് വോട്ടുനില ഉയർത്തി. ബിജെപിയുടെ ഒരു വോട്ട് അസാധുവായത് കൊണ്ടുമാത്രം കോൺഗ്രസ് സ്ഥാനാർഥി കടന്നുകൂടി. ഹരിയാനയ്‌ക്ക് പുറമെ ബിഹാറിലും ഒഡിഷയിലും മൂന്നുവീതം കോൺഗ്രസ് എംഎൽഎമാർ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി കൂറുമാറി വോട്ടുചെയ്‌തിരുന്നു.










0 comments