'ശുദ്ധമായ പെട്രോൾ നിന്റെയൊക്കെ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ': വിവാദ പ്രസ്താനയുമായി ബിജെപി എംപി

ബിജെപി എംപി ജനാർദ്ദൻ മിശ്ര
ഭോപാൽ: കേന്ദ്ര സർക്കാരിന്റെ എഥനോൾ കലർത്തിയ പെട്രോൾ (E20) നയത്തിൽ വിവാദപരാമർശവുമായി ബിജെപി എംപി. “നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?” എന്നായിരുന്നു മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള എംപി ജനാർദ്ദൻ മിശ്രയുടെ ചോദ്യം.
റേവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് വിവാദ പരാമർശം. എഥനോൾ കലർത്തിയ ഇന്ധനം വാഹനങ്ങളുടെ എൻജിനുകളെ നശിപ്പിക്കുന്നുവെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായുള്ള പരാതികൾ ഉയർന്ന വേളയിലാണ് എംപിയുടെ വിവാദ പ്രസ്താവന.
'ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും ഹൂതി വിമതരുടെ തടസ്സങ്ങളും കാരണം 18,000 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇപ്പോൾ എണ്ണ ഇന്ത്യയിലെത്തുന്നത്. ഇത്തരം പ്രതിസന്ധികൾക്കിടയിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തെ ആളുകൾ എതിർക്കുന്നത് എന്തിനാണ്.
ബ്രസീലിൽ വാഹനങ്ങൾ 100 ശതമാനം എഥനോളിലാണ് ഓടുന്നത്. അവിടെ പ്രശ്നങ്ങളൊന്നുമില്ല. ഇന്ത്യൻ വാഹന നിർമ്മാതാക്കൾ എഥനോൾ എഞ്ചിനുകൾക്ക് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വാഹനങ്ങൾക്ക് ഈ ഇന്ധനത്തിൽ ഓടാൻ സാധിക്കും' മിശ്ര തന്റെ വാദങ്ങൾ നിരത്തി. ജനാർദ്ദന മിശ്രയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.









0 comments