print edition വർഗീയസംഘർഷത്തിനാണ് സംഘപരിവാർ ശ്രമം : കെ ബാലകൃഷ്‌ണൻ

ഒ വി സുരേഷ്
Published on Jan 19, 2026, 02:48 AM | 1 min read
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അവിടുത്തെ രാഷ്‌ട്രീയ സ്ഥിതിഗതികളെക്കുറിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്‌ണൻ സംസാരിക്കുന്നു
രാജ്യത്ത് എവിടേയുമെന്നതുപോലെ തമിഴ്‌നാട്ടിലും നിസ്സാര പ്രശ്‌നങ്ങൾ കത്തിച്ച് വർഗീയസംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അടുത്തിടെയാണ് മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപത്തിന്റെ പേരിൽ വർഗീയസംഘർഷ ശ്രമമുണ്ടായത്. തിരുപ്പറംകുണ്ഡ്രം കുന്നിൻമുകളിൽ സിക്കന്ദർ ബാദുഷ ദർഗയ്‌ക്ക് സമീപമുള്ള പുരാതനമായ കൽത്തൂണിൽ കാർത്തികദീപം തെളിക്കണമെന്ന് സംഘപരിവാർ ആവശ്യപ്പെട്ടു. ഇതിനനുകൂലമായി ഹൈക്കോടതി ഉത്തരവുമുണ്ടായി. പതിറ്റാണ്ടുകളായി കുന്നിൻമുകളിലെ കോവിലിന് സമീപമാണ് ദീപം തെളിച്ചിരുന്നത്. ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്ത തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ പോയി. വർഷങ്ങളായുള്ള ആചാരം മാറ്റുന്നത് മതസൗഹാർദത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു സിപിഐ എമ്മിന്. സംഘപരിവാറിന്റെ ധ്രുവീകരണനീക്കങ്ങൾക്കെതിരെ സിപിഐ എം മധുര എംപി സു വെങ്കടേശന്റെ നേതൃത്വത്തിൽ സത്യഗ്രഹം നടത്തി.
ഡിഎംകെ മുന്നണി തുടരും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് സിപിഐ എം. മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. നൽകിയ വാഗ്‌ദാനങ്ങളിൽ ഏറെയും പാലിച്ചു. മാത്രമല്ല, മാതൃകയായ നിരവധി പദ്ധതികളുണ്ട്. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കുമായുള്ള പുതിയ പെൻഷൻ പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി. സിപിഐ എം നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റ് നേടും. എഐഡിഎംകെയുമായി വിഘടിച്ചുനിൽക്കുന്ന പനീർശെൽവം, ടി ടി വി ദിനകരൻ, ശശികല എന്നിവരെ ബിജെപി വിലയ്‌ക്കെടുത്ത് ഒപ്പം ചേർത്തു. എടപ്പാടി പളനിസാമിയുമായി വിലപേശുന്നുണ്ടെങ്കിലും അദ്ദേഹം സമ്മതിച്ചിട്ടില്ല. പിന്നെയുള്ളത് നടൻ വിജയിന്റെ ടിവികെയാണ്. എൻഡിയിലേക്ക് പോകാൻ വിജയ്‌ക്കുമേൽ കടുത്ത സമ്മർദമുണ്ട്. ജനനായകൻ എന്ന സിനിമ റിലീസിങ് തടഞ്ഞത് അതിന്റെ ഭാഗമാണ്. എന്നിട്ടും വിജയ് ഒരക്ഷരം മിണ്ടിയില്ല. ബിജെപിയുമായി അന്തർധാരയുണ്ടോ എന്ന് സംശയമുണ്ടാക്കുന്നതാണ് അത്.
പ്രക്ഷോഭത്തിൽത്തന്നെ
ഡിഎംകെ മുന്നണിയിലാണെങ്കിലും സർക്കാരിന്റെ നവഉദാരവൽകരണ നയങ്ങളോട് സിപിഐ എമ്മിന് യോജിപ്പില്ല. അതിനാൽ, തൊഴിലാളികളുടെ താൽപര്യമുയർത്തി നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരംചെയ്ത താൽകാലിക അധ്യാപകർക്കെതിരെയുള്ള പൊലീസ് നടപടി, ശുചീകരണ തൊഴിലാളികളെ ഒഴിവാക്കുന്നത്, പട്ടയം നൽകാത്തത്, തെന്നിപ്പണ്ണൈ നദിയിലെ മലിനീകരണം തുടങ്ങിയ നിരവധി ജനകീയ വിഷയങ്ങൾ പാർടി ഉയർത്തി.










0 comments