print edition ബിജെപിയുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ സിപിഐഎം


സ്വന്തം ലേഖകൻ
Published on Dec 28, 2025, 01:13 AM | 1 min read
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും ലേബർ കോഡ് അടിച്ചേൽപ്പിച്ചും കേന്ദ്ര ബിജെപി സർക്കാർ തുടരുന്ന ജനദ്രോഹ നടപടികൾക്കെതിരെ വർഗബഹുജന സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഐ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇൗ സമരങ്ങളിൽ സജീവമായി പങ്കാളികളാകും. കേന്ദ്ര ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭങ്ങളാൽ പ്രക്ഷുബ്‌ധമായിരിക്കും പുതുവർഷമെന്ന് പൊളിറ്റ്‌ബ്യൂറോ കമ്യൂണിക്കെയിൽ പ്രഖ്യാപിച്ചു.
തൊഴിലുറപ്പിന് പകരം തീർത്തും ദുർബലമായ മറ്റൊരു പദ്ധതിയാണ് ബിജെപി സർക്കാർ അടിച്ചേൽപ്പിച്ചത്. തൊഴിലിന്റെ ആവശ്യകതയെയും അവകാശത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ഘടനയെയാണ് അട്ടിമറിക്കുന്നത്. പദ്ധതിയുടെ സാമ്പത്തികബാധ്യത സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചു. എന്നാൽ, പദ്ധതി നടത്തിപ്പിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമുണ്ടാവില്ല. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി പാസാക്കിയ ബിൽ കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. വരുംദിവസങ്ങളിൽ ഇതിനെതിരായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തും.
ട്രേഡ്‌യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ലേബർ കോഡ് വിജ്‌ഞാപനം ചെയ്‌ത നടപടി കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധതയ്‌ക്ക് മറ്റൊരു ഉദാഹരണമാണ്. സർക്കാരിനോട് ചേർന്നുനിൽക്കുന്ന ചങ്ങാത്ത മുതലാളിമാർക്കുള്ള സമ്മാനമാണിത്. തൊഴിലാളിവർഗം പ്രക്ഷോഭപാതയിലാണ്. ഇൗ പോരാട്ടങ്ങളിൽ സിപിഐ എം സജീവമായി അണിചേരും.
ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എ-ഫ്‌ഡിഐ അനുവദിക്കുകയും തന്ത്രപ്രധാനമായ ആണവോർജ മേഖലയെ സ്വകാര്യവൽക്കരിക്കുകയുംചെയ്‌തു. അംബാനി, അദാനി എന്നീ ചങ്ങാത്ത മുതലാളിമാർക്കായുള്ള മോദി സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കും തീരുമാനങ്ങൾക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് തീരുമാനമെടുത്തിട്ടുണ്ട്.
തൊഴിലുറപ്പ് അട്ടിമറിക്കെതിരെ സംയുക്ത കിസാൻ മോർച്ച ജനുവരി 16ന് രാജ്യവ്യാപക പ്രതിരോധദിനം ആചരിക്കും. ലേബർ കോഡിനെതിരെ ട്രേഡ് യൂണിയനുകൾ ഫെബ്രുവരി 12ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം നടത്തിയിട്ടുണ്ട്. ഇൗ സമരപരിപാടികൾക്കെല്ലാമുള്ള പിന്തുണയാണ് സിപിഐ എം പ്രഖ്യാപിച്ചത്.










0 comments