print edition യുജിസി ചട്ടം എല്ലാ സ്ഥാപനങ്ങളിലും ബാധകമാക്കണം : സിപിഐ എം

ന്യൂഡൽഹി
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നതിനായി പുറപ്പെടുവിച്ച ചട്ടങ്ങൾ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. നിലവിൽ സർവകലാശാലകൾക്കും അഫിലിയേറ്റഡ് കോളേജുകൾക്കും മാത്രമാണ് ചട്ടം ബാധകം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യതാ പ്രോത്‌സാഹന ചട്ടത്തിലെ ഗുരുതരമായ പോരായ്‌മകൾ അടിയന്തരമായി യുജിസി പരിഹരിക്കണം.
യുജിസിയുടെ ഭാഗമായിട്ടുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ജാതി വിവേചനം തടയുന്നതിനായി തുല്യതാ സമിതി രൂപീകരിക്കണമെന്ന് ചട്ടം അനുശാസിക്കുന്നുണ്ട്. ഇത്തരം സമിതി രൂപീകരണം സ്വാഗതാർഹമാണെങ്കിലും അതിന്റെ നടപ്പാക്കൽ സൂഷ്‌മമായി നിരീക്ഷിക്കണം. ഭരണഘടനയുടെ 14–ാം അനുച്ഛേദത്തിന്റെയും സുപ്രീംകോടതി നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ചട്ടത്തിന് രൂപം നൽകിയത്. അതുകൊണ്ടുതന്നെ പൂർണതോതിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ഐഐടികൾക്കും ഐഐഎമ്മുകൾക്കും മറ്റും ചട്ടം ബാധകമല്ലെന്ന ഗുരുതര പോരായ്‌മ പരിഹരിക്കണം.
ജാതി വിവേചനത്തെ സമഗ്രമായ രൂപത്തിൽ നിർവചിക്കുന്നതിലും ചട്ടം പരാജയമാണ്. വിദ്യാർഥികളും അധ്യാപകരും അഭിമുഖീകരിക്കുന്ന എല്ലാ രൂപത്തിലുള്ള വിവേചനത്തെയും നിർവചിച്ചും തിരിച്ചറിഞ്ഞും കണ്ടെത്തിയും ഇല്ലാതാക്കുംവിധം ചട്ടക്കൂടിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
തുല്യതാ സമിതി രൂപീകരണം ഒരിക്കലും സ്ഥാപനങ്ങളെ നയിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുക്കരുത്. മറിച്ച് വിശ്വാസ്യതയും ഉത്തരവാദിത്വവും ഉറപ്പാക്കും വിധം വിദ്യാർഥികളുടെയും അധ്യാപക– അനധ്യാപകരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ളതാകണം സമിതി. തുല്യതാ സമിതിയുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകളിൽ തീർപ്പുകൽപ്പിക്കുന്നതിനായി ഒരു ഓംബുഡ്‌സ്‌മാന് രൂപം നൽകുന്നതിനുള്ള അധികാരം യുജിസി സ്വയം ഏറ്റെടുത്തിട്ടുണ്ട്. ഭൂരിഭാഗം സർവകലാശാലകളും സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടവയായതിനാൽ ഓംബുഡ്‌സ്‌മാനെ നിയമിക്കുന്നതിനുള്ള അധികാരം ഫെഡറൽ തത്വങ്ങൾ പ്രകാരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കാണ് നൽകേണ്ടത്.
ജാതിവ്യവസ്ഥയെയും വർണാടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകളെയും ചൂഷണത്തെയും അംഗീകരിക്കുന്ന മനുസ്‌മൃതിയെയും മറ്റും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് ജാതി–ലിംഗാടിസ്ഥാനത്തിലുള്ള വിവേചനങ്ങളെയും മുൻവിധികളെയും ശക്തിപ്പെടുത്തും. ഇത്തരം പാഠ്യഭാഗങ്ങൾ അടിയന്തരമായി സിലബസിൽനിന്ന് നീക്കണം. യുജിസിയുടെ ഇപ്പോഴത്തെ ചട്ടത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജാതിവിവേചനം ശക്തിപ്പെടുത്തുന്നതിനുള്ള ആയുധമാക്കി സംഘപരിവാറും അനുബന്ധ സംഘടനകളും മാറ്റുകയാണ്. ഇത്തരം ശ്രമങ്ങളെ കേന്ദ്രസർക്കാർ അടിയന്തരമായി തടയണം. ജാതിവിവേചനത്തെ കാര്യക്ഷമമായി നേരിടാൻ കൂട്ടായ പരിശ്രമമാണ് ആവശ്യം. അതുകൊണ്ടുതന്നെ വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും ഐക്യം നിലനിർത്തണം– പിബി ആവശ്യപ്പെട്ടു.










0 comments