സംഘർഷം ലഘൂകരിക്കണം , ജനങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണം : സിപിഐ എം

ന്യൂഡൽഹി :
പാകിസ്ഥാനുമായുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങാതെ ലഘൂകരിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കണമെന്ന് സർവകക്ഷി യോഗത്തിൽ സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം കൈവരിച്ചെന്ന് യോഗത്തിന്റെ തുടക്കത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ലക്ഷ്യം കൈവരിച്ച സാഹചര്യത്തിൽ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങണമെന്ന് ബ്രിട്ടാസ് പറഞ്ഞു.
ഇന്ത്യ യുദ്ധാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കരുത്. രണ്ടാം തവണയാണ് പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. ഈ സമീപനം ഖേദകരമാണ്. പ്രധാനമന്ത്രികൂടി പങ്കെടുത്തുള്ള സർവകക്ഷി യോഗം വിളിക്കണം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം.
ഭീകര സംഘടനകളെ ലക്ഷ്യംവയ്‌ക്കാനും ഇല്ലാതാക്കാനും സൈനികനടപടികൾ കൊണ്ട് മാത്രം സാധിക്കുമോയെന്നത് സംശയമാണ്. ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായുള്ള നയതന്ത്ര നടപടികൾ തുടരുകയും അന്താരാഷ്ട സമ്മർദമുയർത്തുകയും വേണം. അതിർത്തിമേഖലയിലെ ജനങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണം. എല്ലാ വസ്‌തുതകളും ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച് നുണപ്രചാരണം തടയണം. ഭീകരവാദത്തിന് മതമോ വിശ്വാസമോ ഇല്ല. എല്ലാ തരത്തിലുള്ള വിദ്വേഷപ്രചാരണങ്ങളെയും തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
ഭീകരാക്രമണത്തെ ഐക്യത്തോടെ അപലപിച്ച കശ്‌മീരിലെയും പഹൽഗാമിലെയും ജനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഭീകരാക്രമണത്തിന്റെ എല്ലാ കെടുതികളും നേരിടേണ്ടി വന്നത് അവരാണ്. എന്നിട്ടും അവർ ഐക്യത്തോടെ ഭീകരതക്കെതിരെ നിലകൊണ്ടു. കശ്‌മീരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നതിനായി സർക്കാർ നേതൃത്വത്തിൽ സർവകക്ഷി സംഘത്തെ അവിടേക്ക് അയക്കണം–- ബ്രിട്ടാസ് ആവശ്യപ്പെട്ടു.









0 comments