നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി സിപിഐ എം; പ്രതിനിധി സംഘം സന്ദർശിച്ചു

നോയിഡ : നോയിഡയിലെ തൊഴിലാളി സമരത്തിനിടെ അറസ്റ്റിലായി ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ നോയിഡയിലെ തൊഴിലാളികളെ സിപിഐ എം ജനറൽ സെക്രട്ടറി എം എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. ക്രൂരമായ പൊലീസ് വേട്ടയ്ക്ക് ഇരകളായ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിൽ വച്ച് ശാരീരികമായ ആക്രമണങ്ങൾ നേരിട്ടുവെന്നും വ്യാജ തെളിവുകൾ കെട്ടിച്ചമച്ചാണ് കേസെടുത്തതെന്നും ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയെന്നും തൊഴിലാളികൾ പ്രതിനിധി സംഘത്തോട് പറഞ്ഞു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ആർ അരുൺ കുമാർ, തപൻ സെൻ, രാജ്യസഭാ എംപി വി ശിവദാസൻ, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ രാജീവ് കുൻവർ, പി വി അനിയൻ, നോയിഡ ആസ്ഥാനമായുള്ള നേതാക്കളായ രാം സ്വരത്, ഗംഗേശ്വർ, രാം സാഗർ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
ഏപ്രിലിൽ നടന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി ഫാബ്‌സ്ട്രാക്റ്റ് ക്ലോത്തിംഗ് എന്ന വസ്ത്ര ഫാക്ടറിയിലെ 50 തൊഴിലാളികൾ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ ചേരുകയും പ്രതിനിധി സംഘത്തിന് മുന്നിൽ പരാതികൾ അവതരിപ്പിക്കുകയും ചെയ്തു. ഓട്ടോമൊബൈൽ മേഖലയിലെ കമ്പനിയായ വൈബ്രക്കോസ്റ്റിക് ഇന്ത്യയിലെ തൊഴിലാളികളുടെ പ്രതിനിധികളെയും പ്രതിനിധി സംഘം കണ്ടു. യൂണിയനുകൾ രൂപീകരിക്കുന്നതിൽ നിന്നും സംഘടിക്കുന്നതിൽ നിന്നും തൊഴിലാളികളെ തടയാൻ മാനേജ്‌മെന്റുകൾ പതിവായി ശ്രമിക്കാറുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ പലപ്പോഴും ജോലിയിൽ നിന്ന് പിരിച്ചുവിടാറുണ്ടെന്നും തൊഴിലാളികൾ പ്രതിനിധി സംഘത്തെ അറിയിച്ചു.
തൊഴിലാളികൾ നേരിടുന്ന അടിച്ചമർത്തലുകൾ, അറസ്റ്റുകൾ, പിരിച്ചുവിടലുകൾ എന്നിവ തൊഴിലാളികളുടെ അവകാശങ്ങൾക്കു നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെയാണ് വ്യക്തമാക്കുന്നത്. തൊഴിലാളികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയും പൊലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്ത ഉത്തർപ്രദേശ് സർക്കാരിനെ എം എ ബേബി വിമർശിച്ചു. അന്യായമായി ജയിലുകളിൽ കഴിയുന്ന തൊഴിലാളികളെ സന്ദർശിക്കാൻ അധികാരികൾ അനുമതി നിഷേധിച്ചതിനെയും എം എ ബേബി അപലപിച്ചു. ചില തൊഴിലാളികൾക്ക് ജാമ്യത്തിന് അപേക്ഷിക്കാൻ പോലുമുള്ള നിയമസഹായം ലഭിക്കുന്നില്ല. ഇത് അവരുടെ മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് എം എ ബേബി വ്യക്തമാക്കി.
ജയിലിലെ തൊഴിലാളികളെ സന്ദർശിക്കാനുള്ള അനുമതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത അധികാരികൾ ഞങ്ങളുടെ അഭ്യർത്ഥന നിരസിച്ചതായി ജയിൽ അധികൃതർ അറിയിച്ചു. ഇത് തികച്ചും നിരുത്തരവാദപരമാണ്. സർക്കാരിന് എന്തോ മറച്ചുവെക്കാനുണ്ടെന്നുമാണ് ഇതിനർഥം- എം എ ബേബി പറഞ്ഞു. സിപിഐ എം തൊഴിലാളികൾക്കൊപ്പം നിൽക്കുകയും നിയമസഹായം നൽകി സഹായിക്കുകയും പോരാട്ടങ്ങളിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുമെന്നും എം എ ബേബി പറഞ്ഞു.










0 comments