നിലപാട് ശരിയെന്ന് തെളിഞ്ഞു
ഗാസയിലെ വംശഹത്യ ; സിപിഐ എമ്മിന് മുംബൈയിൽ പ്രതിഷേധിക്കാൻ അനുമതി

ന്യൂഡൽഹി
ഗാസയിലെ ഇസ്രയേൽ വംശഹത്യയ്‌ക്കെതിരെ മുംബൈ ആസാദ് മൈതാനിയിൽ സിപിഐ എമ്മിന് പ്രതിഷേധിക്കാൻ അനുമതി നൽകിയെന്ന് ബോംബെ ഹൈക്കോടതിയെ പൊലീസ് അറിയിച്ചു. അനുമതി നിഷേധിച്ച പൊലീസ് നടപടി ചോദ്യം ചെയ്‌ത് സിപിഐ എം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് വ്യാപക വിമർശം ഉയർന്നതിന് പിന്നാലെയാണ് നടപടി.
ഇന്ത്യയിലെ പ്രശ്‌നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഗാസയടക്കമുള്ള വിഷയങ്ങൾ ഉയർത്തുന്നത് ദേശസ്‌നേഹപരമല്ലെന്നുമുള്ള വിവാദ പരാമർശമാണ് അന്ന് ഹൈക്കോടതിയിൽനിന്നുണ്ടായത്. ജഡ്‌ജിമാർ സ്വാതന്ത്ര്യസമര ചരിത്രമെങ്കിലും വായിക്കണമെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാവിരുദ്ധമായ നിരീക്ഷണങ്ങളെ പാർടി പൊളിറ്റ്‌ബ്യൂറോ രൂക്ഷമായി വിമർശിച്ചിരുന്നു. അനുമതി ആവശ്യപ്പെട്ട് വീണ്ടും പാർടി ഹർജി നൽകി. തുടർന്നാണ് നിയമാനുസൃതമായി അനുമതി നൽകുന്നെന്ന് ജസ്‌റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരുടെ ബെഞ്ചിനെ പൊലീസ് അറിയിച്ചത്. 20ന് പകൽ മൂന്നുമുതൽ ആറുവരെ ആസാദ് മൈതാനിയിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എമ്മിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി കോടതിയെ അറിയിച്ചു.
നിലപാട് ശരിയെന്ന് തെളിഞ്ഞു
ഗാസ വംശഹത്യക്കെതിരെ പ്രതിഷേധിക്കാൻ അനുമതി നൽകിയ മുംബൈ പൊലീസിന്റെ നടപടിയും അതംഗീകരിച്ച ഹൈക്കോടതി നിലപാടും പാർടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് തെളിയിക്കുന്നതായി സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന കമ്മിറ്റി പറഞ്ഞു.










0 comments