ad
Deshabhimani

രാജ്യത്ത് പാവപ്പെട്ടവൻ്റെ കുഞ്ഞുങ്ങൾ അധികാരത്തിൻ്റെ ബൂട്ടിനടിയിൽ പിടഞ്ഞ് മരിക്കുന്നു

brinda karat

പൊലീസ് റെയിഡിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കുടുംബത്തെ ബൃന്ദ കാരാട്ട് ആശ്വസിപ്പിക്കുന്നു- ഫോട്ടോ: പി വി സുജിത്

avatar
അഖില ബാലകൃഷ്ണൻ

Published on Mar 04, 2025, 03:27 PM | 2 min read

അൽവാർ/രാജസ്ഥാൻ: പാവപ്പെട്ടവൻ്റെ കുഞ്ഞുങ്ങൾ അധികാരത്തിൻ്റെ ബൂട്ടിനടിയിൽ ചതഞ്ഞരയുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ മെമ്പർ ബൃന്ദാ കാരാട്ട്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ രഘുനാഥ് ഗാർഗ് ഗ്രാമത്തിൽ പൊലീസ് റെയിഡിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയായിരുന്നു അവര്‍.


നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ദാരിദ്ര്യം അനുഭവിക്കുന്നവരോടും ന്യൂനപക്ഷങ്ങളോടും അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിൻ്റെ സമീപനമാണ് പൊലീസ് കാടത്തത്തിലൂടെ പ്രകടമാകുന്നത്. ഇതിനെതിരെ നീതിക്കായി പ്രതികരിക്കണം. സാധാരണ തൊഴിലാളിയുടെ വീട്ടിൽ വനിതാ പൊലീസില്ലാതെ വാറണ്ടില്ലാതെ സ്ത്രീകളെ അസഭ്യം പറയുന്നു. കുഞ്ഞുങ്ങളെ ചതചരയ്ക്കുന്നു. ബിജെപി ഭരണത്തിൽ രാജ്യത്തിൻ്റെ അവസ്ഥ ഇതാണ് ബൃന്ദ പറഞ്ഞു.


brinda karatഫോട്ടോ: പി വി സുജിത്


ഞായർ രാവിലെ ആറു മണിക്ക് വീടതിക്രമിച്ച് കയറി നടത്തിയ റെയ്ഡിൽ പൊലീസിൻ്റെ ബൂട്ടിനടിയിൽപെട്ട് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. പിതാവ് ഇമ്രാൻ്റെ പേരിൽ സൈബർ കുറ്റകൃത്യമുണ്ട് എന്നാരോപിച്ചായിരുന്നു അതിക്രമം. വെളുപ്പിന് വീടിൻ്റെ മതിൽ പൊളിച്ചെത്തിയ സംഘത്തിന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്ന ഉമ്മ റാസിദയെ മുറിക്ക് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അകത്ത് കടന്ന പൊലീസുകാർ കട്ടിലിൽ കമ്പിളി പുതച്ച് കിടത്തിയിരുന്ന കുഞ്ഞ് അലിസ്ബായുടെ മുഖത്ത് ചവിട്ടി ഇമ്രാൻ ഖാനെ കടന്നു പിടിക്കുകയായിരുന്നു. വീണ്ടും കുഞ്ഞിൻ്റെ ചവിട്ടിയരച്ചാണ് പൊലീസ് ഇമ്രാനെ കട്ടിലിൽ നിന്നും വലിച്ചു പുറത്തിറക്കിയത്. കുഞ്ഞിൻ്റെ മുകളിലാണ് ചവിട്ടിയതെന്ന് മനസിലാക്കിയ പൊലീസ് വീട്ടിൽ നിന്ന് ഇറങ്ങിയോടി.


മൂന്ന് പൊലീസുകാരുടെ പേരിൽ കൊലപാതകത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിന് നേതൃത്വം നൽകിയ മറ്റു ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ പൊലീസ് അതിക്രമം പതിവാണ്. എന്നാൽ, കുഞ്ഞ് അപകടത്തിൽ എങ്ങനെയോ മരിച്ചതാണെന്നും പൊലീസിന് പങ്കില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.


നീതിക്കായി ഒപ്പമുണ്ടാകും


'പ്രസംഗിക്കാനല്ല കുടുംബത്തെ കാണാനും നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് അറിയിക്കാനുമാണ് എത്തിയതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. വീട്ടിലെത്തിയ അവർ കുഞ്ഞിൻ്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് സഹായമുറപ്പാക്കി. സിപിഐ എം എംപി അമ്രാറാം ഈ വിഷയം പാർലമെൻ്റിൽ ഉയർത്തുമെന്നും നീതി കിട്ടും വരെ പോരാടുമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി. എവിടെ സഹായം ആവശ്യമാണോ അവിടെ നിങ്ങൾ എത്തിച്ചേരുമെന്ന് ബൃന്ദാ കാരാട്ടിനോട് ഗ്രാമവാസികൾ പറഞ്ഞു. സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ്, പാർടി സെക്രട്ടറിയേറ്റ് അംഗം സുമിത്ര ചോപ്ര അൽവാർ ജില്ല സെക്രട്ടറി റയ്സ എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home