ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭം: എസ്‌എഫ്‌ഐ നേതാവിനെ വേട്ടയാടി യുപി സർക്കാർ

അക്ഷത് ത്രിപാഠി

സ്വന്തം ലേഖകൻ
Published on Sep 07, 2026, 09:17 PM | 1 min read
ന്യൂഡൽഹി: ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്‌എഫ്‌ഐ നേതാവിനെ വേട്ടയാടി ഉത്തർപ്രദേശ് സർക്കാർ. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ഗൗതം ബുദ്ധ് നഗർ സർവകലാശാലയിലെ വിദ്യാർഥിയുമായ അക്ഷത് ത്രിപാഠിയെയാണ് യോഗി ആദിത്യനാഥ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.
‘സമാധാന അന്തരീക്ഷം തകർത്തു’ എന്നാരോപിച്ച് യുപി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ നോയിഡ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ബിഎൻഎസ്‌എസ് 130 വകുപ്പ് പ്രകാരം അക്ഷതിന് നോട്ടീസയച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ ഇരുപതിന് നടന്ന പാർലമെന്റ് മാർച്ചിൽ പൊലീസിൽ നിന്ന് അക്ഷതിന് മർദനമേറ്റിരുന്നു.
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചതാണ്. ഇൗ നിർദേശത്തിന് വില നൽകാതെയാണ് യുപി സർക്കാർ നടപടി.
യുപി സർക്കാരും പൊലീസും സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുകയാണെന്ന് എസ്‌എഫ്‌ഐ പറഞ്ഞു. ജനാധിപത്യ ശബ്ദങ്ങളെ ഭയപ്പെടുത്താനും അടിച്ചമർത്താനും പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments