പട്ടയത്തിന് കൈക്കൂലി; എംഎൽഎക്കെതിരെ കോടതി ഉത്തരവിട്ടിട്ടും വിജിലൻസിന് അനക്കമില്ല

സനീഷ് കുമാർ ജോസഫ് എംഎൽഎ
തൃശൂർ: പട്ടയം നൽകാൻ അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടും വിജിലൻസിന് അനക്കമില്ല. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് എന്നിവർക്കും ആറ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ജൂലൈ 31നാണ് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത്. എന്നാൽ ഇതുവരെ വിജിലൻസ് കേസെടുത്തിട്ടില്ല. കോൺഗ്രസിലെ ഉന്നതതല ഇടപെടൽ മൂലമാണ് കേസെടുക്കാത്തതെന്നാണ് സൂചന.
തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിൽനിന്ന് നിർദേശം നൽകിയാലാണ് കേസെടുക്കുക. എന്നാൽ കോടതി വിധി വന്ന് ഒരുമാസം പിന്നിട്ടിട്ടും തുടർനടപടി സ്വീകരിക്കാൻ തൃശൂർ വിജിലൻസ് യൂണിറ്റിന് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് സൂചന. വിഷയത്തിൽ പരാതിക്കാരനായ താണിക്കുടം ഒറയാംപുറത്ത് ദേവേന്ദ്രൻ കോടതി അലക്ഷ്യ നടപടികൾക്ക് ഒരുങ്ങുകയാണ്. 2010ൽ അമ്മ ഭാരതിയമ്മയുടെ മാടക്കത്ര വില്ലേജിലെ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ദേവേന്ദ്രൻ അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാറിനെ സമീപിച്ചു. പട്ടയം ശരിയാക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ പട്ടയം ലഭിക്കില്ലെന്ന് പറഞ്ഞു. തുടർന്ന് തൃശൂർ താലൂക്ക് ഓഫീസിനെ സമീപിച്ചപ്പോൾ പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പട്ടയ വിതരണം തടസ്സപ്പെടുത്തി. ഭാരതിയമ്മയ്ക്ക് വേറെ ഭൂമിയുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ട് നൽകുകയായിരുന്നു. 15 വർഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഇതോടെയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്.









0 comments