ഡൽഹി കെട്ടിട ദുരന്തം; ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി സത്യനികേതനിൽ കെട്ടിടം ഇടിഞ്ഞ് മരണപ്പെട്ടവരുടെ എണ്ണം ഏഴായി. പത്തിലധികം പേരെ കെട്ടിടം അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു. 12 പേരെ ഡൽഹി എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണെന്ന് എയിംസ് അറിയിച്ചു. ഒരാളുടെ നിലയിൽ പ്രശ്‌നമില്ല. സഫ്‌ദർജങ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്ത മൂന്നുപേരുടെ നിലയിലും പ്രശ്‌നമില്ല. തിങ്കളാഴ്‌ച വൈകുന്നേരം വരെയും രക്ഷാപ്രവർത്തനം നീണ്ടു.
ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള പ്രധാന വിദ്യാർഥി താമസകേന്ദ്രങ്ങളിലൊന്നായ സത്യനികേതനിലെ ‘ഹോട്ടൽ ഡേയ്‌സ്’ എന്ന കെട്ടിടമാണ് തകർന്നുവീണത്. സംഭവത്തിൽ കെട്ടിടം ഉടമ ഹരിറാം ഗുപ്‌തയെ കൂടാതെ ഭാര്യ ഉൗർമിള ഗുപ്‌ത, മകൻ മഹേഷ് ഗുപ്‌ത എന്നിവരും അറസ്റ്റിലായി. കെട്ടിടം ഉൗർമിളയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അച്ഛനും മകനും ചേർന്നാണ് നടത്തിപ്പ്. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനാണ് ഹരിറാം ഗുപ്‌ത.
കുറഞ്ഞ ദൂരത്തിൽ കോളേജുകളിലെത്താമെന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വലിയൊരു വിഭാഗം വിദ്യാർഥികളും ഇവിടെയുള്ള സ്വകാര്യ പിജികളെയാണ് ആശ്രയിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി സർവകലാശാല, ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവരും ദുരന്തത്തിന് ഉത്തരവാദികളാണെന്ന് കോടതി പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അഞ്ച് നിലയുള്ള കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെയ്ത മഴയിൽ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനോടൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.









0 comments