ad
Deshabhimani

പാചകവാതക വിലവർധന: കേന്ദ്ര നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കും; സിപിഐ എം പോളിറ്റ് ബ്യൂറോ

CPIM Gas.jpg
വെബ് ഡെസ്ക്

Published on May 02, 2026, 02:08 PM | 1 min read

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെയും 5 കിലോ സിലിണ്ടറുകളുടെയും വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയെ സിപിഐ എം പോളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. ആയിരം രൂപയോളമാണ് വാണിജ്യ സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് വർധിപ്പിച്ചത്.


ഇത് രാജ്യത്ത് അഭൂതപൂർവ്വമായ വിലക്കയറ്റത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വില വർധിക്കുന്നത് ഹോട്ടലുകൾ ഉൾപ്പെടെയുള്ള ചെറുകിട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.


ഈ അധിക ബാധ്യത സ്ഥാപനങ്ങൾ ഉപഭോക്താക്കളിലേക്ക് കൈമാറുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. പ്രതിസന്ധി താങ്ങാനാവാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നും ഇത് വൻതോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും സിപിഐ എം മുന്നറിയിപ്പ് നൽകി.


14 കിലോയുടെ ഗാർഹിക സിലിണ്ടറുകളെ താൽക്കാലികമായി ഒഴിവാക്കിയെങ്കിലും 5 കിലോയുടെ സിലിണ്ടറുകൾക്ക് 261 രൂപ വർധിപ്പിച്ചത് ക്രൂരമായ നടപടിയാണെന്ന് പ്രസ്താവനയിൽ പറയുന്നു. 14 കിലോ സിലിണ്ടർ വാങ്ങാൻ ശേഷിയില്ലാത്ത ചെറുകിട കുടുംബങ്ങളെയും അതിഥി തൊഴിലാളികളെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.


ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമവും ഉയർന്ന വിലയും കാരണം ആയിരക്കണക്കിന് തൊഴിലാളികൾ ഇതിനകം നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. പുതിയ വർധനവ് ഈ പ്രതിസന്ധി രൂക്ഷമാക്കും. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി സർക്കാർ വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടുന്നത്.


സിലിണ്ടറുകളുടെ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സർക്കാർ ദരിദ്രവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. വർധിപ്പിച്ച വില ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പോളിറ്റ് ബ്യൂറോ, രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home