ad
Deshabhimani

വനിതാ സംവരണം: കേന്ദ്രത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല; പുതിയ നിർദ്ദേശങ്ങൾ സങ്കുചിത ലക്ഷ്യത്തോടെ: സിപിഐഎം

cpim
വെബ് ഡെസ്ക്

Published on Apr 10, 2026, 01:21 PM | 1 min read

ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന്റെ പേരിൽ കേന്ദ്ര സർക്കാർ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. സംവരണത്തെ സെൻസസുമായും മണ്ഡല പുനർനിർണ്ണയവുമായും ബന്ധിപ്പിക്കാനുള്ള നീക്കം സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപിക്കാൻ മാത്രമേ ഉപകരിക്കു.


നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് കേന്ദ്രം ഇപ്പോൾ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.


വനിതാ സംവരണത്തിന് സിപിഐഎം എന്നും പ്രതിജ്ഞാബദ്ധമാണെന്നും, അതുകൊണ്ടാണ് കഴിഞ്ഞ വർഷം ചില നിർദ്ദേശങ്ങളിൽ വിയോജിപ്പുണ്ടായിട്ടും ബില്ലിനെ പിന്തുണച്ചതെന്നും പാർട്ടി വ്യക്തമാക്കി.


എന്നാൽ, സെൻസസും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായ ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്ന നിബന്ധന 2029-ലെ പൊതുതിരഞ്ഞെടുപ്പിലും വനിതാ സംവരണം ഇല്ലാതാക്കുമെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. വാഗ്ദാനം നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും സെൻസസ് തുടങ്ങാനോ ഡിലിമിറ്റേഷൻ കമ്മീഷനെ നിയോഗിക്കാനോ മോദി സർക്കാർ തയ്യാറായിട്ടില്ല.


പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കം ഗൗരവകരമായ ചർച്ചകൾ ആവശ്യമുള്ള വിഷയമാണ്.


എല്ലാ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാർട്ടികളുമായും ഇക്കാര്യത്തിൽ വിപുലമായ സംവാദം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.


വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രത്തിന് ആത്മാർത്ഥമായ താല്പര്യമുണ്ടെങ്കിൽ സംവരണത്തെ സെൻസസിൽ നിന്നും മണ്ഡല പുനർനിർണ്ണയത്തിൽ നിന്നും വേർപെടുത്തുകയാണ് വേണ്ടത്. ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നാൽ 2029 മുതൽ തന്നെ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കും.


എന്നാൽ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി മോദി സർക്കാർ കാണിക്കുന്നില്ലെന്നും, നിർദ്ദേശങ്ങൾ വിപുലമായ ചർച്ചകൾക്കായി മാറ്റിവെക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home