ad
Deshabhimani

ചെങ്കൊടി ഉയർന്നു: സിപിഐ എം 24-ാം പാർടി കോൺ​ഗ്രസിന് ആവേശകരമായ തുടക്കം

24th congress
വെബ് ഡെസ്ക്

Published on Apr 02, 2025, 10:39 AM | 1 min read

മധുര: രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരായ പുത്തൻപോരാട്ടങ്ങൾക്ക് ഇന്ധനമാകാൻ സിപിഐ എം 24-ാം പാർട്ടി കോൺ​ഗ്രസിന് മധുരയിൽ പതാക ഉയർന്നു. . ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തിൽ ബിമൻ ബസുവാണ് പതാക ഉയർത്തിയത്. നവ ഫാസിസ്‌റ്റു പ്രവണതകൾ ഉയർത്തുന്ന പുതിയ വെല്ലുവിളികൾ നേരിട്ട്‌ കൂടുതൽ മെച്ചപ്പെട്ട ഇന്ത്യയ്‌ക്കായുള്ള പോരാട്ടങ്ങൾക്ക്‌ പാർട്ടികോൺഗ്രസ്‌ രൂപംനൽകും.

വിവിധ പോരാട്ടനിലങ്ങളിൽ ജീവൻവെടിഞ്ഞ രക്തസാക്ഷികളുടെ ഉൾപ്പെടെയുള്ള സ്മൃതികുടീരങ്ങളിൽനിന്ന്‌ പ്രയാണം തുടങ്ങിയ അഞ്ച്‌ ദീപശിഖ റാലി ചൊവ്വ വൈകിട്ട്‌ ആവേശകരമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചു. തുടർന്ന് ബുധൻ രാവിലെ എട്ടിന്‌ സമ്മേളന നഗറിൽ ദീപശിഖ ജ്വലിപ്പിച്ചു. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്മൃതികുടീരത്തിൽനിന്ന് കേന്ദ്രകമ്മിറ്റിഅംഗം യു വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക രാവിലെ എട്ടിന് കൺട്രോൾ കമീഷൻ ചെയർമാൻ എ കെ പത്മനാഭൻ ഏറ്റുവാങ്ങി. തുടർന്ന് ബിമൻ ബസു പതാക ഉയർത്തുകയായിരുന്നു.


പ്രതിനിധി സമ്മേളനം പകൽ 10.30ന്‌ സീതാറാം യെച്ചൂരി നഗറിലെ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക ഹാളിൽ പൊളിറ്റ് ബ്യൂറോ കോ–--ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. മണിക്‌ സർക്കാർ അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെ വിവിധ ഇടതുപാർടികളുടെ പ്രതിനിധികൾ പങ്കെടുക്കും. 80 നിരീക്ഷകരടക്കം എണ്ണൂറിലധികം പ്രതിനിധികളാണുള്ളത്‌. ചൊവ്വ വൈകിട്ട് പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന്‌ നടപടി ക്രമങ്ങൾ അംഗീകരിച്ചു. യോഗത്തിൽ മണിക് സർക്കാർ അധ്യക്ഷനായി.


നഗരമാകെ ചെമ്പട്ടുപുതച്ച മധുരയുടെ ചരിത്രത്തിൽ പുത്തനധ്യായം കുറിക്കുന്ന പാർടി കോൺഗ്രസ്‌ വിജയിപ്പിക്കാൻ അതിവിപുലമായ ഒരുക്കമാണ്‌ നടന്നത്‌. 23–-ാം കോൺഗ്രസിനു ശേഷം നടന്ന സംഘടന, രാഷ്ട്രീയ പ്രവർത്തനങ്ങൾ വിശകലനം ചെയ്‌ത്‌, രാജ്യത്തെ ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനും പാർടിയുടെ സംഘടനാശേഷി വർധിപ്പിക്കാനും ആവശ്യമായ സുപ്രധാന തീരുമാനങ്ങൾ എടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home