സിപിഐ എം നേതാക്കൾ തേജസ്വിയുമായി ചർച്ച നടത്തി

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, അശോക് ധാവ്‌ളെ എന്നിവർ ആർജെഡി നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്‌ച നടത്തുന്നു
ന്യൂഡൽഹി
ബിഹാർ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ സിപിഐ എം നേതാക്കൾ ആർജെഡി നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്‌ച നടത്തി. ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, അശോക് ധാവ്‌ളെ എന്നിവരാണ് തേജസ്വിയുമായി ചർച്ച നടത്തിയത്. ബിഹാറിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ, സീറ്റ് ധാരണ തുടങ്ങിയവ ചർച്ചയായി.
ഇടതുപക്ഷത്തിന് അർഹമായ പ്രാതിനിധ്യം നൽകാനാണ് മഹാസഖ്യത്തിലെ പൊതുധാരണയെന്ന് തേജസ്വി സിപിഐ എം നേതാക്കളെ അറിയിച്ചു. കഴിഞ്ഞതവണ ഇടതുപക്ഷം 29 സീറ്റിലാണ് മത്സരിച്ചത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പ്രത്യാശയേകുന്ന പുതിയ വഴിത്തിരിവുകൾക്ക് കാരണമാകുമെന്ന് എം എ ബേബി പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിൽ ഒരു സർക്കാർ ജോലി: തേജസ്വി
ബിഹാറിൽ മഹാസഖ്യം അധികാരത്തിൽ എത്തിയാൽ ഒരു കുടുംബത്തിലെ ഒരു വ്യക്തിക്ക് സർക്കാർ ജോലി ഉറപ്പുവരുത്തുമെന്ന് ആർജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. അധികാരത്തിലെത്തി 20 ദിവസത്തിനകം ഇതിനായി പ്രത്യേക നിയമം കൊണ്ടുവരും. 20 മാസത്തിനകം തീരുമാനം നടപ്പാക്കും. നേരത്തേ 17 മാസം അധികാരത്തിലിരുന്നപ്പോൾ അഞ്ചുലക്ഷം പേർക്ക് തൊഴിൽ നൽകിയിരുന്നു. തൊഴിലില്ലായ്‌മാ വേതനം നൽകാനാണ് നിതീഷ് സർക്കാരിന് താൽപ്പര്യം. തൊഴിൽ നൽകുകയാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം –തേജസ്വി പറഞ്ഞു.









0 comments