print edition ഇറാൻ- അമേരിക്ക ധാരണപത്രം ആശ്വാസകരം: സിപിഐ എം

ന്യൂഡൽഹി: ഇറാനും അമേരിക്കയുമായുള്ള ധാരണപത്രത്തെ ശുഭപ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഇറാനുമേൽ യുഎസും ഇസ്രയേലും ചേർന്ന നടത്തിയ അനാവശ്യമായ കടന്നാക്രമണത്തെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ലോകമെങ്ങുമുള്ള ജനങ്ങൾക്ക് ധാരണപത്രം ആശ്വാസകരമാണ്. ഹോർമുസിലൂടെയുള്ള കപ്പൽനീക്കം സുഗമമാകുന്നതോടെ ഉൗർജ– രാസവള ലഭ്യതയിൽ നേരിട്ട ക്ഷാമത്തിന് കുറവുണ്ടാകും. ക്രൂഡ് ഓയിൽ വിലയിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, വർധിപ്പിച്ച ഇന്ധന വിലകൾ കുറയ്‌ക്കാൻ കേന്ദ്രസർക്കാർ അടിയന്തനടപടി സ്വീകരിക്കണം. യൂറിയ ഉൾപ്പെടെ രാസവളം കർഷകർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
സാമ്രാജ്യത്വ കടന്നുകയറ്റത്തിന്റെ പരിമിതികൾ കരാറിൽ പ്രകടമാണ്. ഇറാൻ ജനത സാമ്രാജ്യത്വ ഭീഷണികൾക്ക് വഴങ്ങാതെ യുഎസ്– ഇസ്രയേൽ ആക്രമണത്തെ പ്രതിരോധിച്ചു. വലിയ ജനരോഷം ഉയർന്നതിനെ തുടർന്നാണ് ധാരണപത്രത്തിൽ ഒപ്പുവെയ്‌ക്കാൻ അമേരിക്ക നിർബന്ധിതരായത്. യുഎസിലും മറ്റ് രാജ്യങ്ങളിലും വലിയതോതിൽ ജനങ്ങൾ യുദ്ധവിരുദ്ധ റാലികളിൽ അണിനിരന്നു.
ജനവികാരം മാനിക്കാൻ ഇസ്രയേലും തയ്യാറാകണം. ലെബനനിനെ അക്രമിക്കുന്നത് അവസാനിപ്പിക്കുകയും യുഎൻ ചട്ടങ്ങൾ പാലിക്കുകയും വേണം. ആഗോളതലത്തിൽ ജനവികാരം യുഎസിനും ഇസ്രയേലിനും എതിരാണെന്നത് കേന്ദ്രസർക്കാരും തിരിച്ചറിയണം. അവരുമായി സഖ്യത്തിലേക്ക് നീങ്ങുന്നതിൽനിന്ന് പിന്തിരിയണം– പിബി ആവശ്യപ്പെട്ടു.










0 comments