ഉത്തരാഖണ്ഡിൽ വർഗീയ ആക്രമണം നേരിട്ട കശ്‌മീരി വിദ്യാർഥികളെ സന്ദർശിച്ച് സിപിഐ എം പ്രതിനിധി സംഘം

ആക്രമണത്തിനിരയായ കശ്മീരി വിദ്യാർഥിക്കൊപ്പം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വർഗീയ ആക്രമണത്തിന് ഇരയായ കശ്മീരി വിദ്യാർഥികളെ സിപിഐ എം പ്രതിനിധി സംഘം സന്ദർശിച്ചു. കുപ്‌വാര സ്വദേശികളായ തബീഷ് അഹമ്മദ് ഗാനി, ഡാനിഷ് അഹമ്മദ് ഗാനി എന്നീ സഹോദരങ്ങളെയും അവരുടെ കുടുംബത്തെയുമാണ് നേതാക്കൾ സന്ദർശിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രാജേന്ദ്ര പുരോഹിത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നിതിൻ മലേത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കമ്രുദ്ദീൻ, പുരുഷോത്തം ബദോണി എന്നിവരുൾപ്പെടുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

10–ാം ക്ലാസ് വിദ്യാർഥികളും കുപ്‌വാര സ്വദേശികളുമായ ഡാനിഷ്, തബീഷ് എന്നിവർക്കാണ് ഡെറാഡൂണിൽ തീവ്രഹിന്ദുത്വ വാദികളുടെ മർദനമേറ്റത്. പട്ടിക വർഗ വിദ്യാർഥികളായ ഇരുവരും അവധിക്കാലത്ത് ഉപജീവനത്തിനായി ഷോൾ വിൽക്കാനാണ് ഡെറാഡൂണിലെത്തിയത്. 28ന് ഉണ്ടായ ആക്രമണത്തിൽ തബീഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഡാനിഷിന്റെ കൈ ഒടിഞ്ഞു. ശരീരമാകെ അടികൊണ്ട പാടുകളുമുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.

ശൈത്യകാല അവധിക്കാലത്ത് ഡെറാഡൂണിലെ വികാസ് നഗറിൽ ഷാളുകൾ വിറ്റുകൊണ്ട് കുടുംബത്തെ സഹായിക്കുമ്പോഴാണ് വിദ്യാർഥികൾ വർഗീയ ആക്രമണത്തിന് ഇരയായത്. ബിജെപി സർക്കാർ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുടുംബത്തിന് സഹായം നൽകാൻ തയാറായിട്ടില്ല. ബിജെപി സർക്കാരാണ് ഇത്തരമൊരു വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദിയെന്ന് സിപിഐ എം പ്രതിനിധി സംഘം പറഞ്ഞു. എല്ലാ നിയമ, വൈദ്യ സഹായങ്ങളും നൽകുമെന്ന് പ്രതിനിധി സംഘം വിദ്യാർഥികൾക്കും കുടുംബത്തിനും ഉറപ്പുനൽകി.









0 comments