ചേട്ടൻമാർ ഫുട്ബോൾ ആരാധകർ
അനുജൻ മറഡോണയായി

അനു മറഡോണ ജോർജ് ഖത്തർ ലോകകപ്പിൽ അർജൻ്റീനയുടെ കളികാണാനെത്തിയപ്പോൾ
അനിൽ കുറിച്ചിമുട്ടം
Published on Jul 12, 2026, 12:05 AM | 1 min read
കോഴഞ്ചേരി
1986ലെ മെക്‌സിക്കോ ലോകകപ്പ്. മറഡോണ കപ്പുയർത്തിയപ്പോൾ കേരളത്തിൽ പടർന്ന ആവേശം പുന്നയ്‌ക്കാട് കുന്നുംപുറത്തുവീട്ടിലുമൊരു ഇരന്പമായി. ദൂരദർശനിൽ കളികണ്ട അർജന്റീനയുടെ ആരാധകരായ ചേട്ടൻമാർക്ക് ഒരു അനുജൻ ജനിച്ചു. കുഞ്ഞനുജന് മറഡോണ എന്ന് പേരുനൽകണമെന്ന് ചേട്ടൻമാർ വാശി പിടിച്ചു. സഹോദരപുത്രൻമാരായ അവരുടെ നിർബന്ധത്തെ തുടർന്ന് അർജന്റീനയുടെ ആരാധകരായ കുന്നുംപുറത്തു തോമസ് ജോർജും അന്നമ്മ തോമസിനും കുഞ്ഞിന് അനു മറഡോണ ജോർജ് എന്ന് പേരിട്ടു. എന്നുമെന്നും അർജന്റീന ടീമിന്റെ ആരാധകനായി, കായികതാരമായി ഇൗ മറഡോണയും മാറി.
കായികതാരങ്ങളായ സഹോദര പുത്രൻമാർ പ്രസാദ്, സജി, റെജി, ബോബൻ എന്നിവരായിരുന്നു പേരിനുപിന്നിൽ. ഇൗ മറഡോണയ്‌ക്ക് ജി വി രാജ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു. 2001ൽ സംസ്ഥാന ഹയർസെക്കൻഡറി സ്കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾ കീപ്പറായിരുന്നെങ്കിലും പിന്നീട് ഫുട്ബോളിൽനിന്ന് വ്യതിചലിച്ച് വോളിബോളിലെത്തി. രണ്ടുതവണ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കർണാടകയ്‌ക്കുവേണ്ടിയും വെസ്റ്റ് ബംഗാളിനുവേണ്ടിയും കളിച്ചിട്ടുണ്ട്. എങ്കിലും ഫുട്ബോൾ ആവേശത്തിന് ഇന്നും കുറവില്ല. 2022ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കളി ഖത്തറിലെത്തി നേരിൽ കണ്ടു.
ഇപ്പോൾ കുവൈത്തിൽ ജോലി ചെയ്യുന്ന അനു മറഡോണ ജോർജ് വിവിധ ഫുട്ബോൾ ക്ലബുകൾക്കുവേണ്ടി കളിക്കുന്നുണ്ട്.
സഹോദരപുത്രൻമാരിൽ മൂത്തയാൾ തോമസ് കെ മാത്യു (പ്രസാദ് പുന്നയ്ക്കാട്) കേരളാ പൊലീസ് ജില്ലാ ടീമിനുവേണ്ടി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. രണ്ടാമൻ സജി കെ മാത്യു ബാസ്‌ക്കറ്റ്ബോളിൽ റെയിൽവേയെയും വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ ക്ലബ്ബുകളെയും പ്രതിനിധീകരിച്ചു. മൂന്നാമത്തെയാൾ റെജി കെ മാത്യു അത് ലറ്റിക്‌സിൽ വിവിധ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ദേശീയ വോളിബോൾ താരമായിരുന്ന നാലാമൻ ബോബൻ കെ മാത്യു ഡൽഹിക്കുവേണ്ടിയും വിവിധ ക്ലബുകൾക്കും കേരള പൊ
ലീസിനും കെഎസ്ആർടിസിക്കുവേണ്ടിയും കളിച്ചു. കൂടാതെ കേരള പോസ്റ്റൽ ആൻഡ് ടെലഗ്രാം ടീം ക്യാപ്റ്റനുമായിരുന്നു. സംസ്ഥാന റഫറി പാനലംഗവുമാണ്.










0 comments