ad
Deshabhimani

സിവിൽ സ്‌റ്റേഷനിൽനിന്ന്‌ ഓഫീസുകൾ മാറ്റണമെന്ന്‌ അന്ത്യശാസനം

നാളെ ഒഴിയണം

Photo

പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ കെട്ടിടം ബലക്ഷയമായതിനെ തുടർന്ന് അവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ തിങ്കളഴ്ചയോടെ മാറണമെന്ന നിർദേശം വന്നതിനെ തുടർന്ന് ഫയലുകളെല്ലാം ചാക്കിലാക്കി മാറാൻ സജ്ജമാകുന്ന തഹൽസീദാരുടെ ഓഫീസിലെ ജീവനക്കാർ

avatar
സ്വന്തം ലേഖിക

Published on Jul 12, 2026, 12:05 AM | 2 min read

പത്തനംതിട്ട

തിങ്കളാഴ്ചയോടെ പത്തനംതിട്ട സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ ഓഫീസുകളും ഒഴിയണമെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കലക്ടർ എ നിസാമുദീന്റെ നിർദേശത്തിൽ വലഞ്ഞ്‌ സ്ഥാപന മേധാവികൾ. മുൻ കലക്ടർ മെയ്‌ 30ന്‌ ഒഴിയണമെന്ന്‌ ഉത്തരവിട്ടിരുന്നുവെങ്കിലും വിരലിൽ എണ്ണാവുന്ന ഓഫീസുകൾ മാത്രമാണ്‌ അന്ന്‌ മാറിയത്‌.

മെയ്‌ 30നകം കെട്ടിടം ഒഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നായിരുന്നു അന്നത്തെ ഉത്തരവ്‌. എന്നാൽ നടപടികൾ സ്വീകരിച്ചിരുന്നില്ല. പുതിയ സാഹചര്യത്തിൽ മാറ്റത്തിന്‌ വീണ്ടും സമയം അനുവദിക്കാനാകില്ലെന്ന്‌ കലക്ടർ എ നിസാമുദീൻ പറഞ്ഞു.

സർക്കാർ നിശ്ചയിച്ച വാടകയ്ക്ക്‌ സ്ഥലം കണ്ടെത്താനാകാത്തതാണ്‌ മിക്ക ഓഫീസുകൾക്കും പ്രതിസന്ധി. തുടർന്ന്‌ മിക്ക സ്ഥാപനങ്ങളും ബലക്ഷയമുള്ള സിവിൽ സ്‌റ്റേഷനിൽ തന്നെ പ്രവർത്തനം തുടരുകയായിരുന്നു. എന്നാൽ മഴയും കാറ്റും കനത്തതോടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം ചോദ്യമുനയിലായതോടെയാണ്‌ ഒഴിയണമെന്ന കലക്ടറുടെ നിർദേശം. കഴിഞ്ഞ ബുധനാഴ്ച ചേർന്ന വകുപ്പ്‌ മേധാവികളുടെ യോഗത്തിലാണ്‌ അന്ത്യശാസനം. ഏഴ്‌ കോടതികളടക്കം 24 ഓഫീസുകളാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. അതിൽ മൂന്നെണ്ണം മാത്രമാണ്‌ ഇതുവരെ പ്രവർത്തനം മാറ്റിയത്‌. നിലവിൽ തഹസിൽദാർ ഓഫീസിൽ സ്ഥലമാറ്റത്തിനുള്ള നടപടികൾ നടക്കുകയാണ്‌. ജീവനക്കാർ ശനിയാഴ്ച ഫയലുകളും ഉപകരണങ്ങളും പാക്ക്‌ ചെയ്തു. കലക്ടറേറ്റിലാകും ഇനി ഓഫീസ്‌ പ്രവർത്തിക്കുക.

കെട്ടിടം ഉപയോഗയോഗ്യമല്ലെന്നും അറ്റകുറ്റപ്പണികൾ സാധ്യമല്ലെന്നും ഓഫീസുകൾ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്നും പ്രവേശനം നിരോധിക്കണമെന്നും സ്ട്രക്ചറൽ സ്റ്റബിലിറ്റി അസെസ്‌മെന്റ് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുമുണ്ട്‌.

താലൂക്ക് ഓഫീസ്, സർക്കാർ പ്ലീഡറുടെ ഓഫീസ്, റവന്യൂ റിക്കവറി ഓഫീസ്, ജില്ലാ പ്രൊബേഷൻ ഓഫീസ്, സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, സാമ്പത്തിക സ്ഥിതിവിവരകണക്ക് ഓഫീസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം, ജില്ലാ ഓഡിറ്റ് ഓഫീസ് തുടങ്ങിയവയും ഈ കെട്ടിടത്തിലാണ്. അഞ്ച് നിലയുള്ള സിവിൽ സ്‌റ്റേഷൻ കെട്ടിടം 36 വർഷം മുന്പാണ്‌ നിർമിച്ചത്‌.

സ്ഥലം കണ്ടെത്താൻ സഹായിക്കും

ഓഫീസുകൾക്ക്‌ പുതിയ സ‍ൗകര്യം കണ്ടെത്താൻ ജില്ലാ അധികൃതരുടെ സഹായമുണ്ടാകും. എത്രയും വേഗം മുഴുവൻ സ്ഥാപനങ്ങളും മാറേണ്ടത്‌ അത്യാവശ്യമാണ്‌. നിലവിൽ കോടതികളുടെ കാര്യത്തിലാണ്‌ തീരുമാനം വൈകുന്നത്‌. ബിഎസ്‌എൻഎൽ കെട്ടിടം പരിശോധിച്ചുവെങ്കിലും ഇവിടെ അമിതവാടകയാണ്‌. ഇത്‌ സർക്കാർ അംഗീകൃത തുകയേക്കാൾ വളരെ കൂടുതലാണ്‌. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഫയൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തും.

​എ നിസാമുദീൻ

കലക്‌ടർ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home