കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

പി കെ മാധവൻ നഗർ (പുൽപ്പള്ളി) കർഷകസമരങ്ങളുടെ ഓർമകൾ പ്രോജ്വലിക്കുന്ന കുടിയേറ്റമണ്ണിൽ പുതിയ കാലത്തിന്റെ പോരാട്ടങ്ങൾക്ക് ഉൗർജമായി കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കാലാവസ്ഥാ വ്യതിയാനത്തിലും വിളനാശത്തിലും നഷ്ടപ്പെട്ട കറുത്തപൊന്നിന്റെ പെരുമ തിരിച്ചുപിടിക്കാൻ അതിജീവനത്തിന്റെ പാഠങ്ങൾ രചിക്കുന്ന പുൽപ്പള്ളിയുടെ മണ്ണിലാണ് കർഷകരുടെ രണ്ടുദിനത്തെ സമ്മേളനം. പി കെ മാധവൻ നഗറിൽ (കബനി ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് കെ എം വർക്കി പതാക ഉയർത്തി. അഖിലേന്ത്യാ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനംചെയ്‌തു. കെ എം വർക്കി താൽക്കാലിക അധ്യക്ഷനായി. സി ജി പ്രത്യുഷ് രക്തസാക്ഷി പ്രമേയവും ടി ടി സ്‌കറിയ അനുശോചന പ്രമേയവും സംസ്ഥാന സെക്രട്ടറി വത്സൻ പനോളി സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ എം വർക്കി, ലത ശശി, യു വേണുഗോപാൽ, സരുൺ മാണി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എൻ പി കുഞ്ഞുമോൾ, കെ മുഹമ്മദ്‌കുട്ടി, ജസ്‌റ്റിൻ ബേബി, വി ഹാരിസ്, എൻ എം ആന്റണി, പി സുരേഷ് എന്നിവർ പ്രമേയ കമ്മിറ്റിയായും ടി കെ ശ്രീജൻ, എം എ ചാക്കോ, എം വി വിജേഷ്, സണ്ണി ജോർജ്, ജോസഫ് എന്നിവർ മിനുട്‌സ് കമ്മിറ്റി അംഗങ്ങളായും ജയിൻ ആന്റണി, എ ഗഫൂർ, ഷീന കളപുരയ്‌ക്കൽ, ശിവശങ്കരൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, ജോയിന്റ് സെക്രട്ടിമാരായ എം പ്രകാശൻ, വി എം ഷൗക്കത്ത്, പി കെ സുരേഷ്, വൈസ്‌പ്രസിഡന്റ് കെ ജെ ജോസഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം മെഹബൂബ്, എൻ ആർ സക്കീന എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവർത്തന റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ച പൂർത്തിയാക്കി പൊതുചർച്ച തുടങ്ങി. ഞായറാഴ്‌ച പൊതുചർച്ച പൂർത്തിയാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കും. വൈകിട്ട് നാലിന് പുൽപ്പള്ളി ടൗണിൽ കർഷക റാലി നടത്തും. പൊതുസമ്മേളനം കെ എൻ സുബ്രഹ്മണ്യൻ നഗറിൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സ്വരാജ് ഉദ്‌ഘാടനംചെയ്യും.










0 comments