ക്യൂബയ്ക്ക് ഐക്യദാർഢ്യം; ജീവൻരക്ഷാമരുന്നുകളുമായി സിപിഐ എം പ്രതിനിധി സംഘം പുറപ്പെട്ടു

ന്യൂഡൽഹി : അമേരിക്കയുടെ ഉപരോധത്തിൽ പ്രതിസന്ധിയിലായ ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സിപിഐ എം. ജീവൻരക്ഷാമരുന്നുകളടക്കമുള്ള സഹായങ്ങളുമായി സിപിഐ എം പ്രതിനിധി സംഘം ഞായർ പുലർച്ചെ ന്യൂഡൽഹിയിൽ നിന്ന് ക്യൂബയിലേക്ക് പുറപ്പെട്ടു. കാൻസർ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ളതടക്കം സിപിഐ എം, സിപിഐ പാർടികൾ ശേഖരിച്ച വിവിധ ജീവൻ രക്ഷാ മരുന്നുകളും സംഘം ക്യൂബയിലെത്തിക്കും.
നിയമങ്ങൾ കാറ്റിൽപ്പറത്തി യുഎസ് നടത്തുന്ന ഉപരോധം കാരണം മാനുഷിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ക്യൂബയ്ക്ക് ആശ്വാസമായാണ് സംഘത്തിന്റെ യാത്ര. അമേരിക്കൻ ഉപരോധത്തിനെതിരെ ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. 10 മുതൽ 13 വരെ നടക്കുന്ന ഫിഡൽ കാസ്ട്രോ ശതാബ്ദി കൊളോക്വിയത്തിൽ പ്രതിനിധി സംഘം പങ്കെടുക്കും. ഹൃദ്രോഗ ചികിത്സയ്ക്കുള്ള ആശുപത്രി, കുട്ടികളുടെ കാൻസർ ചികിത്സാ കേന്ദ്രം എന്നിവ സംഘം സന്ദർശിക്കും. തൊഴിലാളി-കർഷക സഹകരണ സംഘങ്ങൾ, ഫിഡൽ കാസ്ട്രോ സെന്റർ, ചെഗുവേര സെന്റർ, ക്യൂബൻ വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങൾ എന്നിവയും സന്ദർശിക്കും.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, സിപിഐ എംകേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനാക്ഷി സുന്ദരം, സിപിഐ എം ഛത്തീസ്ഗഡ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ധർമ്മരാജ് മഹാപത്ര, സിപിഐ എം കേരള സംസ്ഥാന കമ്മിറ്റി അംഗം എൻ ചന്ദ്രൻ, കാർഷിക സബ് കമ്മിറ്റി അംഗം ബി വെങ്കട്ട്, സെൻട്രൽ ട്രേഡ് യൂണിയൻ ഫ്രാക്ഷൻ അംഗം അനിൽ എസ് എസ് എന്നിവർ പ്രതിനിധി സംഘത്തിലുണ്ട്. സംഘം 19 ന് തിരിച്ചെത്തും.










0 comments