സാവരിയ വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ഹരിപ്പാട് : ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭഭവനത്തിൽ സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അച്ഛൻ ബസന്തന്റെ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അന്വേഷണ ചുമതല ഏറ്റെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി മനോജ് കേസ് ഡയറിയും അനുബന്ധ രേഖകളും ഹരിപ്പാട് എസ്എച്ച്ഒയോട് ആവശ്യപ്പെട്ടു. ഇവ പരിശോധിച്ച ശേഷം ഹരിപ്പാട്ടുള്ള സാവരിയയുടെ ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
ജൂലൈ മൂന്നിനാണ് ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ ആനം (22) വാക്ക് തർക്കത്തിനിടെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയത്. വാക്കുതർക്കത്തിനിടെ യുവാവ് സാവരിയയെ ലാപ്ടോപ്പുകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടംചെയ്‌തിരുന്നു.
മൃതദേഹപരിശോധനയിൽ സാവരിയയുടെ ദേഹമാസകലം മർദനമേറ്റ പാടുകൾ കണ്ടെത്തി. സദറുൽ ആനം ഉസ്ബക്കിസ്ഥാനിൽ പൊലീസ് കസ്‌റ്റഡിയിലാണ്. ഡിസംബർ ആദ്യമാണ് സാവരിയ ഉസ്ബക്കിസ്ഥാനിലെത്തിയത്.










0 comments