തെരച്ചിലിലും അനാസ്ഥ; പത്താം നാൾ മത്സ്യത്തൊഴിലാളികൾക്കായി നേവിയുടെ കല്പേനിയും

തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിലിന് ഇന്ത്യൻ നേവിയുടെ കൽപേനി കപ്പലും. പത്താം നാളായിട്ടും സർക്കാർ സംവിധാനങ്ങളുടെ തെരച്ചിൽ മന്ദഗതിയിലാണ്. ഇന്നലെയാണ് സ്‌കൂബാ ടീമിനെ എത്തിക്കും എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ പറഞ്ഞത്. തെരച്ചിലിന് ഇത്രയധികം കാലതാമസമുണ്ടായതിൽ കാണാതായവരുടെ കുടുംബങ്ങളും പ്രതിഷേധത്തിലാണ്.
കാണാതായവർക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചും തെരച്ചിൽ ഊർജ്ജിതമാക്കുമെന്നാണ് വിവരം. രക്ഷപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായെന്ന ആക്ഷേപത്തോട് പ്രതികരിക്കാതെ തടിതപ്പുകയാണ് മന്ത്രി. മുതലപ്പൊഴിയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനുവേണ്ടി ശനിയാഴ്ചയും കാര്യക്ഷമമായ തിരച്ചിൽ ഉണ്ടായില്ല.
വെള്ളിയാഴ്‌ച ഭാര്യ സ്റ്റിജിയും പിഞ്ചുമക്കളും മഴയിൽ നനഞ്ഞ് പ്രതിഷേധിക്കുകയും ഒടുവിൽ മന്ത്രി സി പി ജോൺ നേരിട്ടെത്തി തിരച്ചിൽ കാര്യക്ഷമമാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനുവേണ്ടി കോസ്റ്റ് ഗാർഡിന്റെ ഒരു ഷിപ് മാത്രമാണ് തിരച്ചിലിനിറങ്ങിയത്.
വെള്ളിയാഴ്‌ച മന്ത്രി ഷിബു ബേബി ജോൺ, ജോൺ മത്യാസിന്റെ വസതിയിലെത്തിയിരുന്നു. വിഴിഞ്ഞത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി തുറന്നുസമ്മതിച്ചു.
തെരച്ചിൽ ആവശ്യപ്പെട്ടുള്ള കുടുംബങ്ങളുടെ പ്രതികരണങ്ങൾ കോൺഗ്രസ് ഹാൻഡിലുകളിൽ നിന്ന് വലിയ സൈബർ ആക്രമണമാണ് നേരിട്ടത്. തങ്ങളെ അവഗണിക്കുന്നതു പോരാഞ്ഞിട്ടത് അധിക്ഷേപിക്കുക കൂടി ചെയ്യുകയാണെന്നും അവർ പ്രതികരിച്ചു.









0 comments