ബംഗളൂരു കെഎസ്ആർടിസി അപകടം; ഡ്രൈവര്‍ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്: ബംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 5 മണിയോടെയാണ് മൃതദേഹം വെള്ളയിലെ വീട്ടിൽ എത്തിച്ചത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂർ- ബെംഗളൂരു അതിവേഗ ഹൈവേയിൽ അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ബിഡതിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡിൽ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവർ മിഥിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ജോലിക്കായി പോയ മിഥിലേഷ് ചേതനയറ്റ് വന്നതിന്റെ ആഘാതത്തിലാണ് കുടുംബം.
അപകടത്തിന് വഴിവെച്ചത് വിശ്രമമില്ലാത്ത ജോലിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അപകടം നടന്നതിന്റെ തലേദിവസമാണ് മൈസൂരു-കോഴിക്കോട് ഡ്യൂട്ടി കഴിഞ്ഞ് മിഥിലേഷ് തിരിച്ചെത്തിയത്. എന്നാൽ രാത്രി തന്നെ അടുത്ത ട്രിപ്പിനായി പോവുകയായിരുന്നുവെന്നാണ് വിവരം.









0 comments