Deshabhimani

ആനുകൂല്യങ്ങൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കൽ: ജനങ്ങൾക്ക് അർഹമായവ നിഷേധിക്കാനുള്ള ആസൂത്രിത നീക്കമെന്ന് സിപിഐ എം

cpim.png
വെബ് ഡെസ്ക്

Published on Nov 04, 2026, 10:56 PM | 1 min read

ന്യൂഡൽഹി : ​ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യ വിതരണത്തിന് ആധാർ നമ്പറിന് പകരം വോട്ടർ ഐഡിയും ബയോമെട്രിക് വിവരങ്ങളും അടിസ്ഥാനമാക്കുമെന്ന കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന്റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം. ഗ്രാമീണ മേഖലയിലുള്ളവരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.


തൊഴിലുറപ്പ് പദ്ധതികളിലടക്കം ബയോമെട്രിക് ഐഡന്റിഫിക്കേഷൻ ഏർപ്പെടുത്തിയത് ഗ്രാമീണ കർഷകത്തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ​ഗുണഭോക്താക്കളുടെ കണ്ണ് കൃത്യമായി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ പ്രായമായ നിരവധി വനിതാ തൊഴിലാളികൾക്ക് ആനുകൂല്യം നഷ്ടമായിട്ടുണ്ട്. കഠിനാധ്വാനം കാരണം വിരലടയാളങ്ങൾ മാഞ്ഞുപോയ തൊഴിലാളികൾക്കും സംവിധാനങ്ങളുടെ പിഴവ് മൂലം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. കൂടാതെ, മിക്ക ഗ്രാമീണ കുടുംബങ്ങൾക്കുമില്ലാത്ത സ്മാർട്ട്‌ഫോണുകൾ ഇ-കെവൈസിക്ക് ആവശ്യമാണെന്നതും തിരിച്ചടിയാണ്.


ആധാർ നിർബന്ധമാക്കില്ല എന്ന് സുപ്രീംകോടതിയിൽ ഉറപ്പുനൽകിയ കേന്ദ്ര സർക്കാർ പിന്നീട് എല്ലാ ക്ഷേമപദ്ധതികളിലും ഇത് രഹസ്യമായി അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ പറഞ്ഞു. ആധാർ കുറ്റമറ്റതാണെന്ന് അവകാശപ്പെട്ടവർ തന്നെ ഇപ്പോൾ അത് ഉപേക്ഷിക്കാനൊരുങ്ങുകയാണ്. എസ്ഐആർ നടപടികളുടെ തുടർച്ചയായാണ് ഇതിനെയും കാണാൻ കഴിയുന്നതെന്നും ഈ പ്രക്രിയയിലൂടെ 13.4 കോടിയിലധികം വോട്ടർമാർ പുറത്താക്കപ്പെട്ടെന്നും പറയുന്നു.


പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ, മുസ്ലീങ്ങൾ, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരാണ് കൂടുതൽ ഇരകളായത്. ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കുന്നത് വഴി കൂടുതൽ ആളുകൾ പദ്ധതികളിൽ നിന്ന് പുറത്താക്കപ്പെടും. വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടു എന്ന കാരണം പറഞ്ഞ് ചില സംസ്ഥാന സർക്കാരുകൾ റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നില്‍. ജനങ്ങളെ പുറന്തള്ളുന്ന ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും, സാങ്കേതികവിദ്യയുടെയോ രേഖകളുടെയോ തടസങ്ങളില്ലാതെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവർക്കും സാർവത്രികമായി ലഭ്യമാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home