Deshabhimani

അമേരിക്കൻ കോൺഗ്രസിലേക്ക് പുതിയ സോഷ്യലിസ്റ്റ് മുഖങ്ങൾ; ചരിത്രമെഴുതി 5 ഡിഎസ്എ സ്ഥാനാർഥികൾ

US Socialists
വെബ് ഡെസ്ക്

Published on Nov 04, 2026, 11:13 PM | 2 min read

വാഷിങ്ടൺ : ലോകമാകെ വലതുപക്ഷ രാഷ്ട്രീയവും തീവ്രദേശീയതയും പിടിമുറുക്കുന്നതിനെതിരെ സാമൂഹികനീതിയും, പൗരന്മാരുടെ അവകാശങ്ങളും, തൊഴിലാളികളുടെ ആവശ്യങ്ങളും ഉയർത്തിപ്പിടിച്ച് സോഷ്യലിസ്റ്റുകൾ മുന്നേറുന്നത് പുതിയ പ്രതീക്ഷ നൽകുകയാണ്. ബ്രസീലിൽ ലുലായുടെ തുടർവിജയത്തിന് പിന്നാലെയാണ് അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൻ മുന്നേറ്റം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥികളുടെ ചരിത്രവിജയവും ഈ രാഷ്ട്രീയമാറ്റത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുന്നു.


ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതിനു പുറമെ, സോഷ്യലിസ്റ്റ് സ്ഥാനാർഥികളും നിർണായക വിജയമാണ് കാഴ്ചവച്ചത്. ജീവിതച്ചെലവ് വർധന, സാമ്പത്തിക അസമത്വം, ആരോഗ്യമേഖലയിലെ പ്രതിസന്ധി, തൊഴിലാളികളുടെ അവകാശങ്ങൾ, ഇന്ധനക്ഷാമം തുടങ്ങി നിരവധി വിഷയങ്ങളാണ് ട്രംപിനെതിരെ ജനങ്ങൾ തിരിയാൻ പ്രാധാന കാരണം.


ജർമനിയിലെ ബെർലിനിൽ ഇടതുപക്ഷ പാർട്ടിയായ ഡൈ ലിങ്കെയുടെ മുന്നേറ്റം, ഡെൻമാർക്കിലെ സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സർക്കാർ, മാൾട്ടയിൽ ലേബർ പാർട്ടിയുടെയും, ബ്രസീലിൽ ലുല ദ സിൽവയുടെയും തുടർവിജയം. യൂറോപ്പിലും ലാറ്റിനമേരിക്കയിലും സോഷ്യലിസ്റ്റുകൾ മുന്നേറുന്നതിനിടെയാണ് അമേരിക്കയിലും സമാനമായ രാഷ്ട്രീയ മാറ്റത്തിന് അടിത്തറയേകി പുതിയ ചില മുഖങ്ങളുയരുന്നത്.


അമേരിക്കയുടെ ചരിത്രം തിരുത്തിയ സോഷ്യലിസ്റ്റുകൾ


2026ലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ (DSA) പിന്തുണയുള്ള അഞ്ച് സ്ഥാനാർഥികൾ ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൽ നിന്ന് ഡാരിയലിസ അവില ഷെവലിയർ, ക്ലെയർ വാൽഡസ്, കൊളറാഡോയിൽ മെലറ്റ് കിറോസ്, മിഷിഗണിൽ ഡൊനവൻ മക്കിന്നി, പെൻസിൽവാനിയയിൽ ക്രിസ് റാബ് എന്നീ ഡിഎസ്എ പ്രതിനിധികളാണ് വിജയിച്ചത്. സോഷ്യലിസ്റ്റ് സ്ഥാനാർഥികളുടെ വിജയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രം സോഷ്യലിസത്തിനും വിത്തുപാകാൻ പാകത്തിന് വിശാലമായെന്ന സൂചനയാണ് നൽകുന്നത്.


ന്യൂയോർക്കിലെ 13ാം മണ്ഡലത്തിൽ അഡ്രിയാനോ എസ്പയ്ലാറ്റിനെ പരാജയപ്പെടുത്തിയാണ് ഡാരിയലിസ അവില ഷെവലിയർ വിജയിച്ചത്. കടുത്ത സയണിസ്റ്റ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ച സോഷ്യലിസ്റ്റാണ് ഡാരിയലിസ. ന്യൂയോർക്കിലെ 7ാം മണ്ഡലത്തിൽ വിജയിച്ച ക്ലെയർ വാൽഡസും പുതിയ ചരിത്രമാണ് കുറിച്ചത്.


കൊളറാഡോയിലെ ഒന്നാം മണ്ഡലത്തിൽ 30 വർഷമായി ജനപ്രതിനിധിയായിരുന്ന ഡയാന ഡിഗെറ്റെയെ പരാജയപ്പെടുത്തിയത് 29കാരിയായ മെലറ്റ് കിറോസ് ആണ്. യുഎസ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ജെൻ സി പ്രതിനിധിയാണ് മെലറ്റ്. യുവതലമുറയുടെ രാഷ്ട്രീയ നിലപാടകളും, കോൺഗ്രസിലെ തലമുറമാറ്റവും അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നതാണ് മെലറ്റിന്റെ വിജയം.


മിഷിഗണിൽ നിലവിലെ ജനപ്രതിനിധി ശ്രീ തനേദാറിനെ പരാജയപ്പെടുത്തിയാണ് ഡൊനവൻ മക്കിന്നി വിജയിച്ചത്. തന്റെ പ്രചാരണ വെബ്‌സൈറ്റ് പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്ത് "പലസ്തീൻ" എന്ന് ലേബൽ ചെയ്ത സ്ഥാനാർഥിയായിരുന്നു മക്കിന്നി. അമേരിക്ക ഇസ്രയേലിന് നൽകുന്ന സൈനിക സഹായവും ആയുധങ്ങളും അവസാനിപ്പിക്കുമെന്നതായിരുന്നു മക്കിന്നിയുടെ പ്രധാന വിമർശനം. ഈ വർഷം ആദ്യം കോൺഗ്രസിലെ ഡെമോക്രാറ്റുകൾക്കിടയിൽ റെക്കോർഡ് പിന്തുണ ലഭിച്ച വ്യക്തികൂടിയാണ് മക്കിന്നി


കോൺഗ്രസിൽ ഫിലാഡൽഫിയയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ് ക്രിസ് റാബ്. എല്ലാവർക്കും മെഡികെയർ, ഭവനം, വരുമാനം, കുട്ടികളുടെ സംരക്ഷണം, ഭക്ഷണം, വെള്ളം, പൊതുഗതാഗതം തുടങ്ങി സോഷ്യലിസ്റ്റ് ​ഗ്യാരണ്ടികൾ ഉറപ്പുനൽകുമെന്നായിരുന്നു ക്രിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.


ലോകത്താകെ തുടർക്കഥയാകുന്ന സോഷ്യലിസ്റ്റ് വിജയങ്ങൾ മുന്നോട്ടുവക്കുന്ന പ്രധാന രാഷ്ട്രീയ ആശയങ്ങൾ സമാനമാണ്. സാധാരണക്കാരെ സാരമായി ബാധിക്കുന്ന ജീവിതച്ചെലവ് വർധന, തൊഴിലാളികളുടെ വരുമാനവും അവകാശങ്ങളുടെയും സംരക്ഷണം, പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന നയങ്ങൾ, കോർപറേറ്റുകളുടെ അമിതമായ രാഷ്ട്രീയ സ്വാധീനം നിയന്ത്രിക്കൽ തുടങ്ങി സോഷ്യലിസ്റ്റ് ആശയങ്ങളാണ് ഇവരെല്ലാം ഉയർത്തിപ്പിടിക്കുന്നത്.


ട്രംപിന്റെ കുടിയേറ്റവിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ രാഷ്ട്രീയത്തിന് എതിരായ ജനവിധി മാത്രമല്ലിത്. ലോകത്താകെ ഉയർന്നുവരുന്ന പുരോഗമനപരമായ രാഷ്ട്രീയത്തിന് അമേരിക്കയിലും സ്വീകാര്യത ലഭിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഈ തെരഞ്ഞെടുപ്പ്. ലോകമാകെ വലതുപക്ഷ രാഷ്ട്രീയം വേരാഴ്ത്തുന്നതിനിടയിലും, തൊഴിലാളി - ജനപക്ഷത്തു നിൽക്കുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന സന്ദേശമാണ് അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഓർമിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home