തമിഴ്‌നാട്ടിൽ രാഷ്ട്രീയ വഴിത്തിരിവ്; ടിവികെക്ക് പിന്തുണയുമായി സിപിഐ എമ്മും സിപിഐയും

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിക്ക് ഇടതുപക്ഷ പാർട്ടികൾ പിന്തുണ നൽകും. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സുസ്ഥിരമായ ഒരു ഭരണം ഉറപ്പാക്കാൻ ടിവികെയെ പിന്തുണയ്ക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
സിപിഐയും വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണ വേണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ കർശന നിലപാടിനെത്തുടർന്നാണ് ഇടതുപക്ഷത്തിന്റെ ഈ സുപ്രധാന തീരുമാനം.
നിലവിൽ നിയമസഭയിൽ രണ്ട് അംഗങ്ങളുള്ള സിപിഐ എമ്മിന്റെയും സിപിഐയുടെയും പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും. ബിജെപിയെയും മറ്റ് വർഗീയ ശക്തികളെയും അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനും സംസ്ഥാനത്തിന്റെ ജനാധിപത്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ഇടത് നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദില്ലിയിൽ വെച്ച് സിപിഐ എം ജനറൽ സെക്രട്ടറി എംഎ ബേബി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പിന്തുണ സംബന്ധിച്ച അന്തിമ ധാരണയായത്.
ഇടതുപക്ഷത്തിന്റെ പിന്തുണ ഉറപ്പായതോടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി വിജയ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഗവർണറെ കാണും. ഗവർണർ അനുമതി നൽകുകയാണെങ്കിൽ മെയ് പത്താം തീയതി തന്നെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത.










0 comments