print edition ആവശ്യങ്ങൾ അംഗീകരിക്കണം: സിപിഐ എം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്‌തുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കാളികളായി അറസ്റ്റുവരിച്ച ലക്ഷക്കണക്കിന് കർഷകരെയും തൊഴിലാളികളെയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഭിവാദ്യം ചെയ്‌തു. തൊഴിലാളികൾ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾക്ക് ലഭിക്കുന്ന ജനകീയ പിന്തുണയാണ് ജയിൽ നിറയ്‌ക്കൽ സമരത്തിൽ പ്രതിഫലിച്ചത്.
അടിത്തട്ടിൽ നിന്നുള്ള ജനകീയ പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാൻ മോദി സർക്കാർ തയ്യാറാകണം. തൊഴിലാളികളും കർഷകരും ഉയർത്തുന്ന ആവശ്യങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണം– പിബി ആവശ്യപ്പെട്ടു.
സംയുക്ത പോരാട്ടം തുടരും: സിഐടിയു
ന്യൂഡൽഹി: ജയിൽ നിറയ്‌ക്കൽ പ്രക്ഷോഭത്തിൽ രാജ്യവ്യാപകമായി പത്തു ലക്ഷത്തിലധികം പേർ അറസ്റ്റുവരിച്ചെന്ന് സിഐടിയു അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ അമർഷത്തിന്റെ പ്രതിഫലനമാണ് ദൃശ്യമായത്. സമരത്തിന്റെ ഭാഗമായി 2026 ജൂലൈ 29-ന് താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന തൊഴിലാളി–കർഷക ദേശീയ കൺവെൻഷൻ അംഗീകരിച്ച പ്രഖ്യാപനത്തിലെ ആവശ്യങ്ങളടങ്ങിയ നിവേദനം സർക്കാർ അധികാരികൾക്ക് പ്രക്ഷോഭകർ കൈമാറി.
ജനവിരുദ്ധ- സർക്കാരിൽ നിന്നും രാജ്യത്തെയും രക്ഷിക്കാൻ വരും ദിവസങ്ങളിലും കേന്ദ്ര ട്രേഡ് യൂണിയനും സംയുക്ത കിസാൻ മോർച്ചയും സംയുക്ത പോരാട്ടങ്ങൾ തുടരുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്‌താവനയിൽ പറഞ്ഞു.
രാജ്യം കണ്ടത് ശക്തമായ പ്രക്ഷോഭം: അഖിലേന്ത്യ കിസാൻ സഭ
ന്യൂഡൽഹി: ശക്തമായ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് അഖിലേന്ത്യാ കിസാൻ സഭ. പൊലീസ് അടിച്ചമർത്തലുകളെ അവഗണിച്ച് ജയിൽ നിറയ്‌ക്കൽ സമരം വൻവിജയമാക്കിയ എല്ലാ തൊഴിലാളികൾക്കും കർഷകർക്കും അഭിവാദ്യങ്ങൾ. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്‍, ഹരിയാന, പഞ്ചാബ്, ഡൽഹി, പുതുച്ചേരി, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ജമ്മു കശ്‌മീർ, ത്രിപുര എന്നിവിടങ്ങളിലും വൻ പ്രതിഷേധമുയർന്നു.മോദി സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ മനോഭാവത്തിനെതിരായ പോരാട്ടം അതി ശക്തമായഘട്ടത്തിലേക്ക് കടക്കും.
സ്വതന്ത്ര വ്യാപാര കരാറുകൾ പിൻവലിക്കാനും സ്വാമിനാഥൻ കമീഷൻ നിർദേശ പ്രകാരമുള്ള താങ്ങുവില നൽകാനും ലേബർ കോഡുകൾ റദ്ദാക്കാനും കേന്ദ്രസർക്കാർ തയ്യാറാവണമെന്നും ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, പ്രസിഡന്റ് അശോക് ധാവ്‌ളെ എന്നിവർ പ്രസ്‌താവനയിൽ അറിയിച്ചു.










0 comments