print edition കരുത്തോടെ തിരിച്ചുവരും ; സിപിഐ എം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സംസാരിക്കുന്നു


സാജൻ എവുജിൻ
Published on Jan 19, 2026, 03:00 AM | 2 min read
പശ്‌ചിമ ബംഗാളിലെ ചെറു രാഷ്‌ട്രീയ ചലനങ്ങൾ പോലും കേരളം എന്നും ശ്രദ്ധാപൂർവം വീക്ഷിച്ചിരുന്നു.കേരളത്തോടൊപ്പം ബംഗാളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനം തിരിച്ചുവരവിന്റെ പാതയിലാണ്. ഇൗ പശ്‌ചാത്തലത്തിൽ മമത സർക്കാരും കേന്ദ്ര ബിജെപി സർക്കാരും ജനങ്ങളെങ്ങ ഭിന്നിപ്പിച്ച് മുതലെടുക്കാൻ നടത്തുന്ന നീക്കങ്ങളെയും വോട്ടർപട്ടിക തീവ്ര പുനഃപരിശോധന സൃഷ്‌ടിക്കുന്ന വൈതരണികളെളെയും കുറിച്ച് സിപിഐ എം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ദേശാഭിമാനിയോട് സംസാരിക്കുന്നു.
നിലവിലെ രാഷ്‌ട്രീയ സാഹചര്യം
ബംഗാളിലെ രാഷ്‌ട്രീയസാഹചര്യം കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) എന്ന പേരിൽ ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന നീക്കങ്ങൾ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായി. എസ്‌ഐആർ തന്നെ ആവശ്യമായിരുന്നില്ല; ഇത് നടപ്പാക്കുന്നതാകട്ടെ മതിയായ ആസൂത്രണം ഇല്ലാതെയും ദുരുദ്ദേശ്യത്തോടെയുമാണ്. ബംഗാളിലെ ജനങ്ങൾക്കും വോട്ടർമാർക്കുംനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർപട്ടിക ആയുധമാക്കി സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമം. തുടക്കം മുതൽ, സിപിഐ എം മറ്റ് ഇടതുപക്ഷ പാർടികളുമായി ചേർന്ന് ഇതിനെ എതിർക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ ഹിയറിങ്ങിന് ഹാജരാകാൻ ലക്ഷക്കണക്കിന് വോട്ടർമാർക്ക് നോട്ടീസ് അയക്കുകയാണ്. സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശത്തിനായാണ് ഞങ്ങൾ നിലകൊള്ളുന്നത്. എസ്‌ഐആർ തുടങ്ങുംമുന്പേ സിപിഐ എം ‘നിങ്ങളുടെ വോട്ടർമാരെ അറിയുക, നിങ്ങളുടെ ബൂത്ത് അറിയുക’ എന്ന പരിപാടി ആരംഭിച്ചിരുന്നു. വോട്ടർമാരെയും ബൂത്തുകളെയും സംബന്ധിച്ച് അടിസ്ഥാനവിവരങ്ങൾ ശേഖരിക്കലായിരുന്നു ലക്ഷ്യം. 18 വയസ് പൂർത്തീകരിച്ചവർക്ക് രാജ്യത്ത് ആദ്യമായി വോട്ടവകാശം നൽകിയത് ബംഗാളിലെ ഇടതുമുന്നണി സർക്കാരാണ്. ദുർബല വിഭാഗങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാൻ ബിജെപിയും ടിഎംസിയും നടത്തുന്ന എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ബംഗ്ലാ ബച്ചാവോ
ബംഗാളിനെ രക്ഷിക്കാൻ ‘ബംഗ്ലാ ബച്ചാവോ യാത്ര’ എന്ന പേരിൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും മുഴുകിയിരിക്കയാണ് സിപിഐ എം. ബഹുമുഖ–ബഹുമാതൃകയിലുള്ള സവിശേഷമായ പ്രസ്ഥാനമാണിത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു; അവരുടെ ജീവിതപ്രശ്നങ്ങൾ തിരിച്ചറിയുന്നു. ആവശ്യങ്ങൾക്കായി നിരന്തര പ്രചാരണ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നു. മുകളിൽനിന്ന് താഴേയ്‌ക്ക് കാര്യങ്ങൾ പറയുന്നതിനു പകരം താഴെത്തട്ടിൽനിന്ന് മുകളിലേയ്‌ക്ക് പോകുകയെന്ന രീതിയാണ് സ്വീകരിക്കുന്നത്. ഇൗ ആശയവിനിമയത്തിലൂടെ 20ഓളം വിഷയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പാർപ്പിടം, കാർഷിക പ്രശ്‌നങ്ങൾ, തൊഴിലുറപ്പ് പദ്ധതി, സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, വർഗീയ ഭിന്നിപ്പ്, മൈക്രോ ഫിനാൻസ് സംഘങ്ങളുടെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ, വ്യവസായവൽക്കരണത്തിലെ പിന്നാക്കാവസ്ഥ എന്നിവയാണ് പ്രധാനം. ഇതിൽ വൻതോതിൽ ജനപങ്കാളിത്തമുണ്ടായി. ടിഎംസിയും ബിജെപിയും നേരിട്ടുള്ള മത്സരമാണെന്ന ആഖ്യാനവും പ്രതീതി നിർമാണവും മറികടക്കാനും വർഗീയ ധ്രുവീകരണം ചെറുക്കാനും ഇതുവഴി സാധിച്ചു.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തും
നിലവിൽ രാഷ്‌ട്രീയതലത്തിൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യം. ഇടതുമുന്നണി ഏകോപനത്തോടെ ശക്തമായി നിലകൊള്ളണം. ഇപ്പോൾ ഇടതുമുന്നണിയിൽ ഇല്ലാത്ത ഇടതുപക്ഷ പാർടികൾ, ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവരെയും ഒപ്പംകൊണ്ടുവരാൻ ശ്രമിക്കുന്നു. അനുകൂലമായ സംഭവവികാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷബദൽ എന്ന ആശയം മുൻനിർത്തി ഇതര ജനാധിപത്യ–മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും ചർച്ചകൾ നടന്നുവരികയാണ്.
മമതയ്ക്ക് നാഗ്‌പുരിന്റെ ആശിർവാദം
എസ്‌ഐആറിനെ എതിർക്കുന്നത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് വരുത്താൻ ‘ഐടി സെല്ലി’ന്റെയും ‘ഐപാക്’ പോലുള്ള ടിഎംസി ബ്രാൻഡ് ഏജൻസികളുടെയും കോർപറേറ്റ് മാധ്യമങ്ങളുടെയും കാർമികത്വത്തിൽ ശ്രമിക്കുന്നുണ്ട്. ഇൗ പിആർ അഭ്യാസത്തിന് കോടികൾ ചെലവിടുന്നു. സത്യത്തിൽ, അഴിമതിക്കേസുകളിലും ക്രമക്കേടുകളിലും വർഗീയ ഭിന്നിപ്പുകളിലും ആർഎസ്‌എസ് സഹായത്തോടെയാണ് ടിഎംസി നിലകൊള്ളുന്നത്. നാഗ്‌പുരിന്റെ ആശിർവാദത്തോടെ മമത അതിജീവിക്കുന്നു. വരുംനാളുകളിൽ കൂടുതൽ നാടകങ്ങളും തെരുവുയുദ്ധങ്ങളും കാണാം.










0 comments