print edition രാജ്യവ്യാപകമായി സാമ്രാജ്യത്വവിരുദ്ധ പ്രചാരണം

ന്യൂഡൽഹി: ഇറാനിലും പലസ്‌തീനിലും വെനസ്വേലയിലും ക്യൂബയിലും അമേരിക്ക നടത്തുന്ന കടന്നാക്രമണത്തിനെതിരായി വിപുലമായ സാമ്രാജ്യത്വവിരുദ്ധ പ്രചാരണം സിപിഐ എം സംഘടിപ്പിക്കും. സെമിനാറുകളും യോഗങ്ങളും പ്രതിഷേധപ്രകടനങ്ങളുമുണ്ടാകും.
ക്യൂബയെ ഏറ്റെടുക്കുമെന്ന ഭീഷണി അമേരിക്ക ആവർത്തിക്കുകയാണ്. സൈനിക ഇടപെടലിനാണ് നീക്കം. മുൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയെ കുറ്റക്കാരനായി യുഎസ് കോടതി വിധിച്ചത് മറ്റൊരു കടന്നുകയറ്റമാണ്. ക്യൂബയ്‌ക്കായി ഐക്യദാർഢ്യത്തോടെ നിലകൊള്ളാൻ ജനങ്ങളോട് അഭ്യർഥിച്ചു.
വനിതാ സംവരണത്തിനായി പ്രചാരണം
വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനുള്ള വനിതാ സംഘടനകളുടെ ആഹ്വാനത്തിന് എല്ലാ പിന്തുണയും നൽകാൻ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. വരുന്ന പാർലമെന്റ് സമ്മേളനത്തിന്റെ എല്ലാ ദിവസവും പ്രതിഷേധമുണ്ടാകും.
വോട്ടവകാശം സംരക്ഷിക്കണം
വോട്ടവകാശം സംരക്ഷിക്കുന്നതടക്കം ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിനായി വിപുലമായ പ്രചാരണം സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാത നിലപാടിലും ഭരണകക്ഷിയുടെ ഒരു ഭാഗമെന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങളിലും ഉൗന്നിയാകും പ്രചാരണം. വോട്ടർപ്പട്ടിക തയ്യാറാക്കൽ മുതൽ വോട്ടെണ്ണൽ വരെ തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയയിലും കമീഷൻ നിഷ്‌പക്ഷത പുലർത്തും വിധം പൊതുജനാഭിപ്രായം രൂപീകരിക്കും.
തൊഴിൽ കോഡുകൾക്കെതിരെ പ്രചാരണം ശക്തമാക്കും
നിയമസഭാ തെരഞ്ഞെടുപ്പ് ഫലംവന്ന് നാലാം ദിവസം കേന്ദ്രസർക്കാർ തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നു. തൊഴിൽ കോഡുകൾക്കെതിരായ തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനൊപ്പം പാർടിയും നിലയുറപ്പിക്കും.
ഭരണഘടനാ പ്രകാരമുള്ള നിയമനിർമാണ അധികാരം ഉപയോഗപ്പെടുത്തി തൊഴിൽ കോഡുകളിൽ ആവശ്യമായ ഭേദഗതികൾ സംസ്ഥാനങ്ങൾ കൊണ്ടുവരുന്നതിനായി പ്രചാരണം സംഘടിപ്പിക്കും. കേരളത്തിലെ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന് ജസ്‌റ്റിസ് ഗോപാൽ ഗൗഡ സമർപ്പിച്ച നിർദേശങ്ങൾ മറ്റ് സംസ്ഥാനങ്ങളും പരിഗണിക്കണം– കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.









0 comments