തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ; സംസ്ഥാന സർക്കാരുകൾ ഭേദഗതികൾ കൊണ്ടുവരണം: സിപിഐ എം

ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കേന്ദ്രസർക്കാർ തൊഴിൽ കോഡുകൾ നടപ്പിലാക്കിയതിനെ അപലപിക്കുന്നതായി സിപിഐ എം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഏപ്രിൽ 1 മുതൽ തന്നെ തൊഴിൽ നിയമാവലികൾ നടപ്പിലാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, 4 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിയമങ്ങൾ പ്രഖ്യാപിക്കാൻ കാത്തിരിക്കുകയായിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം വെറും 4 ദിവസത്തിനുള്ളിൽ കേന്ദ്രം തൊഴിലാളി വിരുദ്ധമായ തൊഴിൽ നിയമാവലികൾ നടപ്പിലാക്കിയിരിക്കുകയാണ്. ഇത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനായാണ് തുറന്നുകാട്ടുന്നത്.
ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ തൊഴിൽ നിയമാവലികൾ നടപ്പിലാക്കാൻ സന്തുഷ്ടരാണ്. സംസ്ഥാന കരട് നിയമങ്ങളും ഇവർ തയ്യാറാക്കിയിട്ടുണ്ട്. തൊഴിൽ നിയമാവലികൾ നടപ്പിലാക്കുന്നതിനെ അപലപിച്ചതും വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഡയുടെ അധ്യക്ഷതയിൽ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചതും കേരളത്തിലെ എൽഡിഎഫ് സർക്കാർ മാത്രമാണ്. എൽഡിഎഫ് സർക്കാരിന് റിപ്പോർട്ട് ലഭിക്കുകയും ശുപാർശകൾ അംഗീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കാരണം, ശുപാർശകൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല.
തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭേദഗതികൾ കൊണ്ടുവരാൻ വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരുകളോട് ശുപാർശ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ തൊഴിൽ പ്രശ്നങ്ങൾ നമ്പർ 22, 23 & 24 ആയി പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ സംസ്ഥാന നിയമസഭകൾക്ക് സംസ്ഥാന ഭേദഗതികൾ കൊണ്ടുവരാൻ അധികാരമുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായം.
വിജ്ഞാപനം ചെയ്തിട്ടുള്ള കേന്ദ്ര നിയമങ്ങൾക്കനുസൃതമായി അവ നടപ്പിലാക്കുന്നതിനുപകരം, ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള നിയമനിർമാണ അധികാരങ്ങൾ വിനിയോഗിക്കാനും, തൊഴിൽ നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടുവരാനും, തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നതായി സിപിഐ എം പറഞ്ഞു.










0 comments