ഗോവധ നിരോധനം: തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ അപ്പീലിൽ പറയുന്നു. 58ലെ നിയമ പ്രകാരം മൃഗത്തിന് 10 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ ജോലിക്കോ പ്രജനനത്തിനോ അനുയോജ്യമല്ലെങ്കിൽ കശാപ്പ് ചെയ്യാൻ അനുവാദമുണ്ട്.
ബലിപെരുന്നാളിന് പൊതുവിടങ്ങളിൽ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറിസൂര്യ പ്രശാന്താണ് പൊതുതാത്പര്യഹർജി സമർപ്പിച്ചത്. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പുചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
തമിഴ്നാട്ടിൽ ഗോവധം പൂർണമായി നിരോധിച്ച് കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാലബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെടുകയും ചെയ്തു.











0 comments