ചണ്ഡീഗഡിൽ കോവിഡ് മരണം; മരിച്ചത് യുപി സ്വദേശി

ലഖ്നൗ: ചണ്ഡീഗഡിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരിച്ചു. സെക്ടർ 32 ലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ജിഎംസിഎച്ച്) ചികിത്സയിൽ കഴിഞ്ഞിരുന്ന 40കാരനാണ് മരിച്ചത്. കോവിഡ് -19 സ്ഥിരീകരിച്ച് ലുധിയാനയിൽ നിന്ന് റഫർ ചെയ്ത രോഗിയാണ് മരിച്ചതെന്നും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ജിഎംസിഎച്ച് മെഡിക്കൽ സൂപ്രണ്ട് ജിപി താമി പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതനായി മരിച്ചയാളുടെ കോവിഡ് വകഭേദത്തെക്കുറിച്ചോ മറ്റ് രോഗങ്ങളുണ്ടോ എന്നതിനെക്കുറിച്ചോ അധികൃതർ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആശുപത്രിയിലെ കോവിഡ് -19 വാർഡിൽ രോഗി ഐസൊലേഷനിലായിരുന്നു. ചണ്ഡീഗഢിൽ ഇതുവരെ കോവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, നിലവിലുള്ള വകഭേദങ്ങളിൽ ഒമിക്‌റോൺ സ്‌ട്രെയിനിന് സമാനമായ നേരിയ ലക്ഷണങ്ങൾ കാണുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സ്ഥിരീകരിച്ചു.
ഈ വർഷം കർണാടകയിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ശ്വാസതടസവും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ മൂലവും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 85കാരനാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കർണാടകയിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ 35 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 32 പേർക്ക് ബംഗളൂരുവിലാണ്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും എല്ലാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ കേസുകൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
ഒരു മാസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകൾ സ്റ്റോക്ക് ചെയ്യാൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ ആശുപത്രികളിൽ ഏകദേശം 5,000 ആർടിപിസിആർ കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.









0 comments