യുവാവും യുവതിയും വാടകവീട്ടിൽ മരിച്ച നിലയിൽ; വിവാഹം എതിർത്തതിനെത്തുടർന്നുള്ള ആത്മഹത്യയെന്ന് സംശയം

പ്രതീകാത്മകചിത്രം
ലക്നൗ : ലഖ്‌നൗവിൽ വാടക വീട്ടിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലഖ്‌നൗവിലെ പിജിഐ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തെലിബാഗിലെ ന്യൂ ബൽദേവ് വിഹാർ നഗറിന് സമീപം ഞായറാഴ്ചയാണ് സംഭവം. ഷാജഹാൻപൂർ ജില്ല സ്വദേശിയായ അനികേത് എന്ന റാണു കുമാർ (21), നോയിഡയിലെ ഖോഡ കോളനിയിൽ താമസിക്കുന്ന അഞ്ജലി (18) എന്നിവരാണ് മരിച്ചത്.
കുടുംബങ്ങൾ വിവാഹത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിലെ ഒരു മുറിയിൽ തുണികൊണ്ടുള്ള കുരുക്കുപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവർ ബന്ധുക്കളാണെന്നും ഇവർ തമ്മിൽ പ്രണയത്തിലായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. എന്നാൽ ബന്ധുക്കളായതിനാൽ ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെ എതിർത്തതായും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.










0 comments