കുട്ടി ‘ദൗർഭാഗ്യം’ കൊണ്ടുവന്നുവെന്ന് വാദം; ദത്തെടുത്ത രണ്ടര വയസ്സുകാരിയെ നടുറോഡിൽ ഉപേക്ഷിച്ച് ദമ്പതികൾ

പ്രതീകാത്മക ചിത്രം
ഷിയോപുർ : ബിസിനസിൽ വളർച്ചയുണ്ടാകാത്തതിന് കാരണം ദത്തെടുത്ത രണ്ടര വയസ്സുകാരിയാണെന്ന വിചിത്ര വാദമുയർത്തി കുഞ്ഞിനെ നടുറോഡിൽ ഉപേക്ഷിച്ച ദമ്പതികൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ സ്വദേശിയായ ബിസിനസുകാരനെയും ഭാര്യയെയുമാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെ അന്തർസംസ്ഥാന ബന്ധമുള്ള വൻ ശിശുക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.
ദേശീയപാത 552-ൽ ഷിയോപുരിലെ സൊയ്ൻകാലൻ മേഖലയിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ക്രൂരതയുടെ ചുരുളഴിച്ചത്.
സംഭവം നടന്ന സമയത്ത് പാതയിലൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ പരിശോധനയ്ക്കൊടുവിൽ ഭോപ്പാലിൽ നിന്നാണ് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടി വന്നതിനുശേഷം ബിസിനസിൽ നഷ്ടം സംഭവിച്ചെന്നും കുട്ടി ‘ദൗർഭാഗ്യം’ കൊണ്ടുവന്നെന്നുമാണ് ദമ്പതികൾ പൊലീസിനോട് പറഞ്ഞത്.
കുട്ടിയെ ഇന്ദോറിലെ അനധികൃത ശിശുക്കടത്ത് സംഘത്തിൽനിന്ന് ഒരു ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചു. ദമ്പതികളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ശിശുക്കടത്ത് റാക്കറ്റിലെ പ്രധാനികളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.










0 comments