ബസിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ എറിഞ്ഞുകൊന്നു; ദമ്പതികൾ പിടിയിൽ

പൂനെ : ഓടുന്ന ബസിൽ പ്രസവിച്ച ശേഷം ദമ്പതികള്‍ ചേർന്ന് കുട്ടിയെ എറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ച പുലർച്ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പർഭാനിയിലേക്ക് പോകുകയായിരുന്ന സ്ലീപർ ബസിൽവച്ചുതന്നെ യുവതി പ്രസവിച്ചതിന് ശേഷം ജനലിലൂടെ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
ബസിന് പിറകിൽ വന്നയാളാണ് ഒരുപൊതി ബസിൽ നിന്ന് വീഴുന്നത് കണ്ടത്. പൊതി പരിശോധിച്ചപ്പോൾ ജീവനറ്റ ആൺകുഞ്ഞിനെ കാണുകയായിരുന്നു. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിതിക ധേരെയും ഭർത്താവ് അൽത്താഫ് ഷേയ്ഖും പൊലീസ് പിടിയിലാകുന്നത്.
മുകളിലും താഴെയുമുള്ള ബർത്തുകളുള്ള സ്ലീപർ ബസിന്റെ ഡ്രൈവർ ജനാലയിലൂടെ എന്തോ പുറത്തേക്ക് എറിയുന്നത് ശ്രദ്ധിച്ചിരുന്നു. ചോദിച്ചപ്പോൾ ബസ് യാത്ര കാരണം ഓക്കാനം അനുഭവപ്പെട്ടതിനാൽ ഭാര്യ ഛർദ്ദിക്കുകയും അത് പുറത്തേക്ക് എറിയുകയുമായിരുന്നുവെന്നാണ് അൽത്താഫ് പറഞ്ഞതെന്നും ഡ്രൈവർ പറഞ്ഞു.
കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് പ്രസവിച്ചയുടൻ കൊലപ്പെടുത്തിയതെന്നുമാണ് ദമ്പതികൾ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പ്രതികളെ ചോദ്യംചെയ്യുന്നത് തുടരുമെന്ന് പൊലീസ് പറഞ്ഞു.









0 comments