Deshabhimani

print edition ആരോപണം ശരിവച്ച്‌ തെറ്റുതിരുത്തൽ

Gyanesh Kumar
avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 01:01 AM | 1 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിനും എസ്‌ഐആറിനുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച തിരുത്തൽ നടപടികളെന്ന വിമർശം ശക്തമാകുന്നു. കഴിഞ്ഞ മാസം 23ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ ഗ്യാനേഷ്‌കുമാറിന്റെ നിയമവിരുദ്ധ നടപടികളും അതിനോടുള്ള രണ്ട്‌ കമീഷണർമാരുടെ വിയോജിപ്പുകളും റിപ്പോർട്ട്‌ ചെയ്‌തതിന്‌ പിന്നാലെ കമീഷൻ തിരുത്തൽ നടപടികൾ തുടങ്ങി. കഴിഞ്ഞ മാസം 26ന്‌ അടിയന്തിര യോഗം ചേർന്ന്‌ ഒന്പത്‌ പ്രധാനപ്പെട്ട തിരുത്തൽ നടപടികൾ പ്രഖ്യാപിച്ചു.


കമീഷൻ യോഗങ്ങളുടെ മിനുട്‌സ്‌ രേഖപ്പെടുത്തും, അജൻഡ യോഗത്തിനുമുന്പ്‌ വിതരണം ചെയ്യും, ഇസിഐ നെറ്റ്‌ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ വിദഗ്‌ധസമിതി പരിശോധിക്കും, എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും ചേർക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിക്കും, ഹിയറിങ്‌ നടപടികൾ പരമാവധി ഓൺലൈൻ വഴിയാക്കും തുടങ്ങിയ തീരുമാനങ്ങളാണ്‌ പ്രഖ്യാപിച്ചത്‌.


ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമീഷൻ യോഗങ്ങളുടെ അജൻഡ വിതരണം ചെയ്യാറില്ലായിരുന്നെന്നും മിനുട്‌സ്‌ പോലും രേഖപ്പെടുത്താറില്ലായിരുന്നെന്നും ഇതോടെ വ്യക്തമായി. കഴിഞ്ഞ മാസം 30ന്‌ എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലെ ഇസിഐനെറ്റ്‌ പോർട്ടലിൽ നിന്നും പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം ആറിനൊപ്പം നൽകേണ്ടിയിരുന്ന അധികപ്രഖ്യാപനം നീക്കി. നിയമഭേദഗതി കൂടാതെ അധികപ്രഖ്യാപനം ഫോം ആറിനൊപ്പം ചേർത്ത നടപടിയിൽ രണ്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷണർമാർ നേരത്തെ വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. ‍ഇതോടെ നിയമവിരുദ്ധമായി അധികപ്രഖ്യാപനം അടിച്ചേൽപ്പിച്ചത്‌ ഗ്യാനേഷ്‌ കുമാറാണെന്ന വിമർശനത്തിന്‌ കമീഷന്റെ തിരുത്തൽ നടപടി ആക്കം കൂട്ടി.


കഴിഞ്ഞദിവസം കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്‌ത പരിഷ്‌കരണം (എസ്‌എസ്‌ആർ) ആരംഭിക്കുമെന്ന തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രഖ്യാപനം മറ്റൊരു കുറ്റസമ്മതമാണ്‌. എസ്‌ഐആർ നടക്കുന്പോൾ പ്രത്യേക സംക്ഷിപ്‌ത വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌എസ്‌ആർ) വേണ്ടെന്ന നിലപാടായിരുന്നു ഗ്യാനേഷ്‌കുമാർ സ്വീകരിച്ചത്‌. ഇ‍ൗ നിലപാടിനെതിരെ തെരഞ്ഞെടുപ്പ്‌ കമീഷണർമാരായ എസ്‌ എസ്‌ സന്ധുവും വിവേക്‌ ജോഷിയും ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തി. എസ്‌ഐആറിനിടെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട അർഹരായവരെ തിരിച്ചുചേർക്കാനും പുതിയ വോട്ടർമാരെ ഉൾപ്പെടുത്താനും എസ്‌എസ്‌ആർ അനിവാര്യമാണെന്ന്‌ ഇരുകമീഷണർമാരും ചൂണ്ടിക്കാണിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home