പാചകവാതക വിലവർധന: വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് തൊഴിൽമേഖലയിലും

ന്യൂഡൽഹി: പശ്ചമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തുടരുന്ന പാചക വാതക വിലവർധന ഹോട്ടൽ വ്യവസായങ്ങളെ തള്ളിവിടുന്നത് ഗുരുതര പ്രതിസന്ധിയിലേക്ക്. യുദ്ധം വെെകാതെ അവസാനിച്ചേക്കുമെന്ന പ്രതീക്ഷയിൽ കരിഞ്ചന്തയിൽ നിന്നടക്കം പാചകവാതകം വാങ്ങി നഷ്ടം സഹിച്ച് ഹോട്ടൽ വ്യവസായം തുടരുന്നതിനിടെയാണ് പെട്രോൾ ഡീസൽ വിലയും വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ ഒരുങ്ങുന്നത്. തൊഴിൽ മേഖലയിൽ കൂടിയാണ് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് . ഇതോടെ ഹോട്ടൽ വ്യവസായത്തിന് വീണ്ടും ഇരുട്ടടി ആയിരിക്കുകയാണ്.
സംസ്ഥാനത്ത് ഉദ്ദേശം 60,000 ഹോട്ടലുകളും അതിന്റെ ഇരട്ടി ലഘുഭക്ഷണശാലകളും തട്ടുകടകളുമുണ്ട്. 35 ലക്ഷത്തോളം പേരാണ് ഇൗ മേഖലയിൽ പണിയെടുക്കുന്നത്. കാറ്ററിങ് മേഖലയിൽ പണിയെടുക്കുന്നവരും ഹോട്ടലുകൾക്ക് ഭക്ഷ്യവിഭവങ്ങൾ വീടുകളിൽ തയ്യാറാക്കി എത്തിക്കുന്നവരാണ്. ഇന്ധന വില വീണ്ടും ഉയരുമ്പോൾ ഹോട്ടലുകൾക്ക് അത് താങ്ങാനാകുന്നതിലും അപ്പുറമാണ്.
പാചകവാതക വിലവർധനയ്‌ക്കെതിരെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ ഉയർന്ന പ്രതിഷേധം അതിനാൽ തന്നെ വലിയ മുന്നറിയിപ്പാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനും രാജ്യത്തെ കോർപറേറ്റ് താൽപ്പര്യങ്ങൾക്കും കീഴടങ്ങി ജനങ്ങൾക്കുമേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ശക്തമായ താക്കീത് കൂടിയാവുകയാണ് പ്രക്ഷോഭം.










0 comments