print edition വർഗീയതയ്ക്ക് കല്ലിട്ട് കോൺഗ്രസിന്റെ കൊടുംചതി

1984ലെ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസ് കേഡർമാർ കോൺഗ്രസിനായാണ് പ്രവർത്തിച്ചത്. പകരമായി ശിലാന്യാസത്തിനും ദൂർദർശനിൽ രാമായണം സീരിയലിനും അനുമതി നൽകണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു
ബാബ്റി മസ്ജിദ്– രാമജന്മഭൂമി തർക്കമന്ദിരത്തിൽ ശിലാന്യാസത്തിന് രാജീവ്‌ഗാന്ധി സർക്കാർ അനുവാദം നൽകിയത് കോൺഗ്രസ്– ആർഎസ്‌എസ് രഹസ്യയോഗ തീരുമാന പ്രകാരമായിരുന്നു. 1984 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് ബിജെപിയെ അവഗണിച്ച് കോൺഗ്രസിനെയാണ് പിന്തുണച്ചത്. കോൺഗ്രസും ആർഎസ്എസും തമ്മിൽ നടത്തിയ രഹസ്യയോഗങ്ങളിലാണ് ഇൗ തീരുമാനമുണ്ടായതെന്ന് മാധ്യമപ്രവർത്തകൻ റഷീദ് കിദ്വായുടെ ‘ബാലറ്റ്: ഇന്ത്യയുടെ ജനാധിപത്യത്തെ രൂപപ്പെടുത്തിയ പത്ത് എപ്പിസോഡുകൾ' എന്ന പുസ്തകത്തിൽ പറയുന്നു.
ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 49 ശതമാനം വോട്ടും 414 സീറ്റും ലഭിച്ചു. ആർഎസ്‌എസ് കേഡർമാർ കോൺഗ്രസിനായാണ് പ്രവർത്തിച്ചത്. രാജീവ്ഗാന്ധിയും ആർഎസ്എസ് സർസംഘചാലക് ബാലാസാഹിബ് ദേവരസുമായി നടത്തിയ രഹസ്യയോഗങ്ങളിലെ തീരുമാനപ്രകാരമായിരുന്നു അത്. പിന്നീട് ബിജെപിയിൽ ചേർന്ന അന്നത്തെ കോൺഗ്രസ് എംപി ബൻവരിലാൽ പുരോഹിത് മധ്യസ്ഥനായിരുന്നുവെന്നും പുസ്‌തകത്തിൽ പറയുന്നു.
പിന്തുണയ്ക്ക് പകരമായി ശിലാന്യാസത്തിനുള്ള അനുമതിക്കു പുറമെ ദൂർദർശനിൽ രാമായണം സീരിയലിന് അനുമതി നൽകണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ഇൗ രണ്ടു ആവശ്യങ്ങൾ കോൺഗ്രസ് സാധിച്ചുകൊടുത്തതാണ് പിന്നീട് സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ ഉയർച്ചയ്ക്കും ബിജെപിയുടെ അധികാരാരോഹണത്തിനും വഴിയൊരുക്കിയത്.
വി പി സിങിനെ താഴെയിറക്കിയതും കോൺഗ്രസ്
വർഗീയതയ്ക്ക് എതിരെ ഉറച്ച നിലപാട് എടുത്ത വി പി സിങ്ങിനെ താഴെയിറക്കിയതിനു പിന്നിലും കോൺഗ്രസാണ്. ബാബ്റി മസ്ജിദ് വിഷയം ഉയർത്തി രാജ്യത്ത് കലാപം വിതച്ച് എൽ കെ അദ്വാനി നയിച്ച രഥയാത്രയെ ബിഹാറിൽവച്ച് ലാലുപ്രസാദ് യാദവ് സർക്കാരാണ് തടഞ്ഞത്. അദ്വാനിയെ അറസ്റ്റുചെയ്തു. ഇതിൽ പ്രതിഷേധിച്ച് വി പി സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപി അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ കോൺഗ്രസ് പിന്തുണയ്ക്കുകയായിരുന്നു.
റിയൽ ക്രെഡിറ്റി’ന് റീലിറക്കി കോൺഗ്രസ്
ന്യൂഡൽഹി : ‘1992 ഡിസംബർ ആറിന് സംഘപരിവാർ ശക്തികൾ ബാബ്‌റി മസ്‌ജിദ് ഇടിച്ചുനിരത്തുന്പോൾ പ്രധാനമന്ത്രി പി വി നരസിംഹറാവു വസതിയിൽ പ്രത്യേകപൂജ നടത്തുകയായിരുന്നു. മസ്‌ജിദ് ഇടിച്ചുനിരത്തിയെന്ന് അനുയായി ചെവിയിൽ മന്ത്രിച്ച് നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പൂജ അവസാനിപ്പിച്ച് എഴുന്നേറ്റു’– മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ ആത്മകഥ ‘ബിയോണ്ട് ദി ലൈൻസി’ൽ എഴുതി.
2024 ജനുവരിയിൽ മോദിസർക്കാർ അയോധ്യയിൽ രാമക്ഷേത്രം തുറന്നപ്പോൾ അതിന്റെ ‘റിയൽ ക്രെഡിറ്റ്’ തങ്ങൾക്കാണെന്ന് കോൺഗ്രസ് റീലിറക്കി. കമൽനാഥ് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ അവകാശവാദവുമായി രംഗത്തെത്തി. ഭൂരിപക്ഷ വോട്ടിനായി തീവ്രഹിന്ദുത്വയെ ആശ്ലേഷിക്കുകയും, ന്യൂനപക്ഷവോട്ടിനായി അവകാശസംരക്ഷകരായി നടിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ രാഷ്ട്രീയവഞ്ചനയാണ് ബാബ്‌റി മസ്‌ജിദിനെ നാമാവശേഷമാക്കിയത്.
1949 ഡിസംബറിൽ മസ്‌ജിദിനുള്ളിൽ വിഗ്രഹങ്ങൾ രഹസ്യമായി പ്രതിഷ്‌ഠിച്ചപ്പോൾ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗോവിന്ദ് വല്ലഭായ് പന്തായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി. 1986ൽ മസ്‌ജിദിന്റെ താഴുകൾ തുറന്നുകൊടുത്തതും 1989ൽ വിഎച്ച്‌പിക്കാർക്ക് ക്ഷേത്ര ശിലാസ്ഥാപനത്തിന് അനുവാദം കൊടുത്തതും പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ഗാന്ധി. രാമക്ഷേത്രനിർമാണത്തിനുള്ള ധനസമാഹരണത്തിന് മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ മുൻകൈ എടുത്തു. ദിഗ്‌വിജയ്‌സിങ് ലക്ഷം രൂപ സംഭാവന നൽകി. കമൽനാഥ് 11 വെള്ളി ഇഷ്ടിക സമ്മാനിച്ചു. ഭൂമിപൂജയ്ക്ക് പ്രിയങ്കാഗാന്ധി പിന്തുണ പ്രഖ്യാപിച്ചു.
രാമക്ഷേത്ര നിർമാണം ചർച്ചചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനം സിപിഐ എം ഉൾപ്പടെയുള്ള കക്ഷികൾ ബഹിഷ്കരിച്ചപ്പോൾ കോൺഗ്രസ് ഇരുസഭകളിലും എല്ലാ എംപിമാരും ഹാജരാകണമെന്ന് വിപ്പ് നൽകി.









0 comments