print edition ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. അഹമ്മദാബാദ് ഉൾപ്പടെ 15 മുനിസിപ്പൽ കോർപറേഷൻ, 84 മുനിസിപ്പാലിറ്റി, 34 ജില്ലാപഞ്ചായത്ത്, 260 താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 15 മുനിസിപ്പൽ കോർപറേഷനും ബിജെപി ജയിച്ചു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭാവ്‌നഗർ, ഗാന്ധിധാം, ജാംനഗർ തുടങ്ങിയ കോർപറേഷനുകളിലെല്ലാം കോൺഗ്രസ് കനത്തപരാജയം നേരിട്ടു. മുനിസിപ്പാലിറ്റികളിലെ 2,624 സീറ്റിൽ 1984 സീറ്റിൾ ബിജെപി മുന്നേറുന്പോൾ കോൺഗ്രസിന് 414 സീറ്റിൽ മാത്രമാണ് ലീഡ്.
ജില്ലാപഞ്ചായത്തുകളിലെ 1,090 സീറ്റുകളിൽ 862 സീറ്റുകളിൽ ബിജെപി ജയം ഉറപ്പിച്ചപ്പോൾ കോൺഗ്രസിന് 128 സീറ്റുകൾകൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. താലൂക്ക് പഞ്ചായത്തുകളിലെ 5234 സീറ്റിൽ 3524ൽ ബിജെപി മുന്നേറുന്പോൾ കോൺഗ്രസിന് 999 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കോൺഗ്രസ് നാമാവശേഷമായതോടെ ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായി. സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ പരിശ്രമിക്കുന്ന എഎപി സൂറത്ത്, ജാംനഗർ മേഖലകളിൽ ചെറിയ നേട്ടങ്ങളുണ്ടാക്കി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം കച്ചിലെ ഭുജ്, ഭരൂച്ച് മുൻസിപ്പാലിറ്റികളിൽ നേട്ടമുണ്ടാക്കി.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് കാര്യമായ പ്രതീക്ഷയൊന്നും പുലർത്തേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. നിലവിൽ ഗുജറാത്തിൽ കോൺഗ്രസിന് 12 എംഎൽഎമാരും എഎപിക്ക് നാല് എംഎൽഎമാരുമാണുള്ളത്.











0 comments